
മക്ക: മക്കയിലെ വിശുദ്ദ ഹറമിലെ ഉപരോധം തകര്‍ക്കാന്‍ സൗദി സേനയെ നയിച്ച മേജര്‍ ജനറല്‍ അല്‍-നഫീയി അന്തരിച്ചു. സൗദി സൈന്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രമുഖനും പ്രശസ്തനുമായ വ്യക്തികളില്‍ ഒരാളായിരുന്നു അല്‍-നഫീഇ.
1979ല്‍ വിശുദ്ധ മക്കയിലെ വിശുദ്ധ ഹറം ഉപരോധിച്ച ജുഹൈമാന്‍ അല്‍-ഒതൈബി സംഘത്തില്‍ നിന്ന് അന്ന് ഹറമിന്റെ നിയന്ത്രണം പിടിച്ചെടുത്ത പ്രത്യേക സൗദി സേനയെ നയിച്ച കമാന്‍ഡറായിരുന്നു അദ്ദേഹം.
മാതൃരാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും സംരക്ഷണത്തില്‍ മികച്ച സംഭാവനകളായിരുന്നു അല്‍-നഫീഇ നല്‍കിയിരുന്നത്. മികച്ച വിജയങ്ങളും നേട്ടങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഹിജ്റ വര്‍ഷം 1364 ല്‍ മക്കയില്‍ ജനിച്ച അല്‍-നഫീ തന്റെ ബാല്യകാലം പുണ്യനഗരത്തില്‍ താമസിച്ചു. മക്കയിലെ അല്‍ വഹ്ദ ക്ലബുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം ജീവിതത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ നിരവധി മെഡലുകള്‍ നേടുകയുണ്ടായി. സൗദി സൈന്യത്തില്‍ ചേര്‍ന്ന ശേഷം അദ്ദേഹം റിയാദിലേക്ക് മാറി. സൈനിക ശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം കവിതയെയും അറബി സാഹിത്യത്തെയും സ്നേഹിച്ചിരുന്നു.
നിരവധി വിശ്വാസികളെ ബന്ദികളാക്കിയ ശേഷം ജുഹൈമാന്‍ അല്‍-ഉതൈബിയുടെയും മുഹമ്മദ് അല്‍ ഖഹ്താനിയുടെയും നേതൃത്വത്തിലുള്ള കലാപകാരികള്‍ 1979-ല്‍ ലോക മുസ്ലിംങ്ങളുടെ പുണ്യഗേഹമായ മക്കയിലെ വിശുദ്ധ ദേവാലയം പിടിച്ചെടുത്ത് ഉപരോധിച്ചപ്പോള്‍ അത് തകര്‍ത്ത് വിശുദ്ധ പള്ളി ശുദ്ധീകരിക്കുന്നതില്‍ മേജര്‍ ജനറല്‍ അല്‍-നഫീഇ വലിയ പങ്കുവഹിച്ചു. സായുധ മതഭ്രാന്തന്മാര്‍ പവിത്രമായ വിശുദ്ധ പള്ളിയില്‍ നടത്തിയ ആക്രമണം ഇസ്ലാമിക ലോകത്തെമ്പാടും നടുക്കമുണ്ടാക്കിയിരുന്നു.
1979 നവംബറില്‍ ആരംഭിച്ച ഉപരോധം രണ്ടാഴ്ചക്കാലം തുടര്‍ന്നിരുന്നു. അല്‍-നഫീയിയുടെ കീഴിലുള്ള പ്രത്യേക സേന തീവ്രവാദികളേയും കീഴടക്കി വിശുദ്ദ ഹറമിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.