റിയാദ്: മേൽക്കുപ്പായമായ ‘അബായ’ തിരിച്ചിട്ട് സൗദി അറേബ്യയിൽ ഒരുകൂട്ടം സ്ത്രീകളുടെ വ്യത്യസ്ത പ്രതിഷേധം. പൊതുഇടങ്ങളിൽ സ്ത്രീകൾ ധരിക്കേണ്ട നീളൻ മേൽക്കുപ്പായമായ അബായ നിയമപരമായി നിർബന്ധമല്ലാതാക്കുന്ന നിയമം സൗദി കിരീടാവകാശി മാർച്ചിൽ കൊണ്ടുവന്നിട്ടും പാരമ്പര്യനിയമങ്ങളുടെ മതിൽക്കെട്ടിനുള്ളിൽത്തന്നെയാണ് തങ്ങളുടെ സ്വാതന്ത്ര്യമെന്ന് പ്രതിഷേധക്കാരായ സ്ത്രീകൾ പറയുന്നു.

‘ഇൻസൈഡ് ഔട്ട് അബായ’ എന്ന ഹാഷ്‍ടാഗിലൂടെ ട്വിറ്ററിലാണ് സ്ത്രീകൾ പ്രതിഷേധിക്കുന്നത്. അയ്യായിരത്തോളം സ്ത്രീകൾ ഇതിനിടെ ഹാഷ്‌ടാഗ് ഉപയോഗിച്ചുകഴിഞ്ഞു.

സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താനാഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഭീഷണിനേരിടേണ്ടിവരുന്ന സൗദിയുടെ സമ്പ്രദായങ്ങൾക്കും ഭരണകൂട നിയന്ത്രണങ്ങൾക്കുമെതിരായാണ് തന്റെ പ്രതിഷേധമെന്ന് ഹൗറ എന്ന സൗദി വനിത ട്വിറ്ററിൽ കുറിച്ചു. അബായയും മുഖാവരണമായ നിഖാബും തങ്ങൾക്ക് ദിവസം മുഴുവൻ ധരിക്കേണ്ടിവരുന്നു. ശരീരം മുഴുവൻ മൂടുന്ന ഈ വസ്ത്രങ്ങൾ 24 മണിക്കൂറും ധരിക്കേണ്ടിവരുന്നത് തങ്ങൾക്ക് ഭാരമാണെന്നും അവർ പറയുന്നു.

അബായ നിർബന്ധമല്ലെന്നും സ്ത്രീകൾ മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും മാർച്ചിൽ സൽമാൻ രാജകുമാരൻ പ്രസ്താവിച്ചിരുന്നു. ഇപ്പോഴും പൊതുഇടങ്ങളിൽ സ്ത്രീകൾക്ക് അബായയും ഇസ്‍ലാം സ്ത്രീകളാണെങ്കിൽ അവർക്ക് ശിരോവസ്ത്രവും സൗദിയിൽ നിർബന്ധമാണ്.