റിയാദ്: സൗദി അറേബ്യയില്‍ അഴിമതിവിരുദ്ധ നടപടിയെത്തുടര്‍ന്ന് അറസ്റ്റിലായ ശേഷം വിട്ടയക്കപ്പെട്ട ഏഴ് പേരില്‍ രാജകുമാരനോ മന്ത്രിമാരോ ഉള്‍പ്പെട്ടിട്ടില്ല.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദിന്റെ നേതൃത്വത്തില്‍ അഴിമതിക്കെതിരെ നടന്ന പ്രവര്‍ത്തനങ്ങളില്‍ ഇരുന്നൂറിലധികം പേരാണ് അറസ്റ്റിലായതെന്ന് അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ മൊജിബ് അറിയിച്ചു.
 
ഇവരില്‍ ഏഴുപേര്‍ക്കെതിരെ കാര്യമായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് വിട്ടയച്ചത്. പിടിയിലായവരുടെയോ വിട്ടയച്ചവരുടെയോ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ പുറത്ത് വിടുകയുള്ളു.
 
പതിനായിരം കോടി ഡോളറിന്റെ സാമ്പത്തിക തിരിമറി നടന്നതായാണ് കണ്ടെത്തിയതെന്നും മൊജിബ് പറഞ്ഞു. പതിനൊന്ന് രാജകുമാരന്മാരും മന്ത്രിമാരും പ്രമുഖ വ്യവസായികളും തിരിമറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആദ്യഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട സാമ്പത്തിക ഇടപാടുകളിലൂടെയാണ് വന്‍സാമ്പത്തിക തിരിമറി നടത്തിയത്. സൗദിയിലെ മറ്റ് സാമ്പത്തിക വ്യവസായ ഇടപാടുകളെല്ലാം സാധാരണ ഗതിയില്‍തന്നെയാണ് നടക്കുന്നത്. അന്വേഷണം മറ്റൊന്നിനേയും ബാധിച്ചിട്ടില്ല.
 
വ്യക്തിഗത അക്കൗണ്ടുകള്‍ മരവിപ്പിച്ചതല്ലാതെ കമ്പനികള്‍ക്കോ ബാങ്കുകള്‍ക്കോ ഇടപാടുകള്‍ നടത്തുന്നതിന് വിലക്കൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.