റിയാദ്: സൗദിയില്‍ ടാക്‌സി കാറുകളില്‍ ജോലി ചെയ്യുന്നതിന് സ്വദേശി വനിതകളെ അനുവദിക്കുമെന്ന് പബ്‌ളിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
 
വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിലപാട് വ്യക്തമാക്കിയത്.

അധ്യാപികമാര്‍, വിദ്യാര്‍ഥിനികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് യാത്രാസൗകര്യം നല്‍കുന്ന വലിയ ബസുകള്‍, മിനി ബസുകള്‍ എന്നിവ ഓടിക്കുന്നതിനു വനിതകളെ അനുവദിക്കുമെന്ന് അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹ് പറഞ്ഞു.
 
സ്ത്രീകള്‍ക്ക് ഗതാഗത സൗകര്യം നല്‍കുന്ന തൊഴിലുകള്‍ വനിതകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനും ആലോചിക്കുന്നുണ്ട്. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് വിതരണം തുടങ്ങുന്നതോടെ ഗതാഗത മേഖലയിലെ ഏത് തൊഴിലുകള്‍ നിര്‍വഹിക്കുന്നതിനും വനിതകള്‍ക്ക് അവകാശമുണ്ടാകും.
 
എന്നാല്‍ ഈ മേഖലകളില്‍ വിദേശ വനിതകളെ അനുവദിക്കില്ല. ടാക്‌സികള്‍ ഓടിക്കുന്നതിനും വിദേശി വനിതകളെ അനുവദിക്കില്ല.

ഗതാഗത മേഖലയിലെ തൊഴിലുകള്‍ വിദേശികളുടെ കുത്തകയാണ്. ബിനാമി പ്രവണതയും വ്യാപകമാണ്. ഇത് അവസാനിപ്പിക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം.
 
റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഗതാഗത മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥാപനങ്ങളിലും സ്വദേശി വനിതകള്‍ക്ക് അവസരമൊരുക്കും. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച ്പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളില്‍ 2,20,000 സ്വദേശി യുവാക്കള്‍ ജോലിചെയ്യുന്നുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.