ജിദ്ദ: കൊറോണയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഏര്‍പ്പെടുത്തിയ രാജ്യാന്തര യാത്രാ നിരോധനം തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് പിന്‍വലിക്കും. യാത്രാ വിലക്ക് പിന്‍വലിക്കുന്നതോടെ യു.എ.ഇ, കുവൈത്ത്, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും സൗദിയിലേക്ക് വിമാനസര്‍വീസുണ്ടാകും. ഈ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് പിന്‍വലിക്കുക കൂടി ചെയ്താല്‍ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് എത്താന്‍ വഴിയൊരുങ്ങും.

ഇന്ത്യ അടക്കമുള്ള 20-ഓളം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുവാന്‍ നിലവില്‍ വിലക്കുണ്ട്. സൗദി വിലക്കേര്‍പ്പെടുത്താത്ത രാജ്യങ്ങളിലേതെങ്കിലും ഒരിടത്ത് 14 ദിവസം ക്വാറന്‍ന്റെനില്‍ കഴിഞ്ഞാലാണ് ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശിക്കുവാനാവുക. തിങ്കളാഴ്ച പുലര്‍ച്ചെ സൗദി അറേബ്യ അതിര്‍ത്തികള്‍ തുറക്കുകയും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പിന്‍വലിക്കുകയും ചെയ്താല്‍, സൗദി ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശനത്തിന് വിലക്ക് തുടര്‍ന്നാലും യു.എ.ഇ, കുവൈത്ത്, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ വഴി താമസിയാതെ തങ്ങള്‍ക്ക് സൗദിയിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാരായ പ്രവാസികള്‍.

മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാരാണ് സൗദിയിലേക്ക് പോകാനാവാതെ നാട്ടില്‍ കുടുങ്ങിയിട്ടുള്ളത്. എത്രയും പെട്ടെന്ന് സൗദിയില്‍ തിരിച്ചെത്തി ജോലിയില്‍ തിരികെ പ്രവേശിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. ജോലി നഷ്ടപ്പെട്ടവരും കുറവല്ല. യാത്രാ മാര്‍ഗം ശരിയായാല്‍ തൊഴിലുടമകളുമായി ബന്ധപ്പെട്ട് വിസ പുതുക്കുന്ന നടപടികള്‍ ആരംഭിക്കണമെന്നാണ് പലരും കരുതുന്നത്. ഇത്രയുംനാള്‍ യാത്രാ സൗകര്യം പുനരാരംഭിക്കുംവരെ കാത്തിരിക്കയായിരുന്നു പലരും.