റിയാദ്: നിര്‍മാണം പുരോഗമിക്കുന്ന റിയാദ് മെട്രോ ശൃംഖല അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിയാദ് ഡവലപ്മെന്റ് അതോറിറ്റി. ലോകത്തെ ഏറ്റവും വലിയ മെട്രോ പദ്ധതിയാണിത്. എട്ട് റെയില്‍വേ സ്റ്റേഷനുകള്‍ നാമകരണം ചെയ്യാനുളള അവകാശം 10 സ്ഥാപനങ്ങള്‍ നേടിയതായും  അതോറിറ്റി വ്യക്തമാക്കി.

സൗദി തലസ്ഥാന നഗരിയായ റിയാദിലാണ് 134 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള മെട്രോ ശൃംഖലയുടെ നിര്‍മാണം അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്. 90 ശതമാനം നിര്‍മാണം പൂര്‍ത്തിയായ മെട്രോയില്‍ അടുത്ത വര്‍ഷം പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കും. നഗരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ആറു പാതകളാണ് മെട്രോ സര്‍വീസിനായി സജ്ജീകരിക്കുന്നത്. 

ഇതിനിടെ മെട്രോയുടെ 10 സ്റ്റേഷനുകള്‍ക്ക് പേര് നല്‍കാന്‍ പ്രമുഖ കമ്പനികള്‍ ലേലത്തിലൂടെ അവകാശം നേടി. പെട്രോ കെമിക്കല്‍ കമ്പനി സാബിക്, സൗദി ടെലികോം, അല്‍ബിലാദ് ബാങ്ക്, സൗദി ബ്രിട്ടീഷ് ബാങ്ക്, അല്‍ ഇന്‍മാ ബാങ്ക്, സുലൈമാന്‍ ഹബീബ് മെഡിക്കല്‍സ്, ഗര്‍നാത സെന്റര്‍, മാജിദ് അല്‍ഫതീം എന്നിവയുടെപേരിലാണ് എട്ട് സ്റ്റേഷനുകള്‍ അറിയപ്പെടുക. രണ്ട് സ്റ്റേഷനുകള്‍ സൗദി പബ്ളിക് ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ സാപ്ത്കോയുടെ പേരാവും നല്‍കുക.

മെട്രോ പാളങ്ങളുടെ പണികഭ 24 മണിക്കൂറും നടക്കുന്നുണ്ട്. സൗന്ദര്യവത്കരണ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. നിശ്ചിത സമയത്തിനകം പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റിയാദ് ഡവലപ്മെന്റ് അതോറിറ്റി.