റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ ഇരുപതാം വാര്‍ഷികം 'ഫ്യുച്ചര്‍ എഡ്യുക്കേഷന്‍ കേളിദിനം 2021' ഓണ്‍ലൈനിലും ഓണ്‍സ്റ്റേജിലും ആഘോഷിച്ചു. കലാപരിപാടികളും സാംസ്‌കാരിക സമ്മേളനവുമാണ് ഓണ്‍ലൈനില്‍ അരങ്ങേറിയത്. വാര്‍ഷികാഘോഷം മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷതയ്ക്കു വേണ്ടിയും വര്‍ഗ്ഗീയതക്കെതിരായും ശബ്ദിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ജനതയാണ് മലയാളികള്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാംസ്‌കാരിക സമ്മേളനത്തില്‍ കേളി ട്രഷറര്‍ വര്‍ഗ്ഗീസ് ആമുഖ പ്രഭാഷണവും, കേളി ആക്റ്റിംഗ് പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷതയും, സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതവും ആശംസിച്ചു. സംസ്ഥാന തൊഴില്‍-എക്‌സൈസ് വകുപ്പ്മന്ത്രി ടി.പി.രാമകൃഷ്ണന്‍ കേളിദിനം 2021ന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു
കോറിയോഗ്രാഫര്‍ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോള്‍സ്റ്റാര്‍ ഗ്രൂപ്പിന്റെ ചടുലമായ നൃത്തച്ചുവടുകളുള്ള സിനിമാറ്റിക് ഡാന്‍സോടെയാണ് കലാപരിപാടികള്‍ ആരംഭിച്ചത്. സജീവ്, ജോളി ജോയ്, മാത്യു എന്നിവര്‍ അവതരിപ്പിച്ച സിനിമാഗാനങ്ങള്‍, മനോജിന്റെ മാപ്പിളപ്പാട്ട്, സജാദും സംഘവും, ഷബി അബ്ദുള്‍സലാം എന്നിവര്‍ അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍, കേളിയിലേയും കുടുംബവേദിയിലേയും പ്രവര്‍ത്തകരുടെ വിപ്ലവഗാനം, ശ്രേയ അവതരിപ്പിച്ച നൃത്തം, ദേവനന്ദയും സംഘവും, ഷിഹാന നസീറും സംഘവും അവതരിപ്പിച്ച സംഘനൃത്തങ്ങള്‍, ഇസ, ധ്വനി, വേദ, അമ്‌റ , ഇനീസ എന്നീ കൊച്ചുകുട്ടികള്‍ അവതരിപ്പിച്ച സംഘനൃത്തം, ഉബൈദ് അവതരിപ്പിച്ച മിമിക്രി എന്നീ പരിപാടികള്‍ രണ്ടുമണിക്കൂറോളം ഓണലൈന്‍ പ്രേക്ഷകര്‍ക്ക് വിസ്മയ കാഴ്ചയൊരുക്കി.
ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടല്‍ അങ്കണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന സമാപന സമ്മേളനത്തില്‍ കേളി ആക്റ്റിംഗ് പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്തിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കൂട്ടായി ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ തന്റെ സ്വാഗത പ്രഭാഷണത്തില്‍ കേളിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കേളി രക്ഷാധികാരി സമിതി കണ്‍വീനര്‍ കെ.പി.എം സാദിഖ്, കുടുംബവേദി സിക്രട്ടറി സീബ കൂവോട്, സ്‌പോണ്‍സര്‍മാര്‍, സംഘടനാ പ്രതിനിധികളായ രാജന്‍ നിലമ്പൂര്‍ - ന്യൂ ഏജ്, സജ്ജാദ് സഹീര്‍ - ഐഎംസിസി, നൌഷാദ് കോര്‍മത്ത് - എന്‍ആര്‍കെ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ കോവിഡ്കാല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കേളിയോടൊപ്പം സഹകരിച്ച ആരോഗ്യമേഖലയിലെ പ്രവര്‍ത്തകരേയും, 'കേളിയോടൊപ്പം കേരളത്തിലേക്ക് ' എന്ന സൗജന്യ ടിക്കറ്റ് പദ്ധതിയുമായി സഹകരിച്ച സ്‌പോണ്‍സര്‍മാരേയും, കേളിദിനത്തിന്റെ സ്‌പോണ്‍സര്‍മാരേയും, ദേശാഭിമാനി മുഖപ്രസംഗവും, പത്രവും ഡിജിറ്റലായി പ്രചരിപ്പിക്കുന്ന സൈബര്‍വിംഗ് പ്രവര്‍ത്തകരേയും ആദരിച്ചു. ചടങ്ങിന്റെ ഓണ്‍ലൈന്‍ പ്രക്ഷേപണം സിജിന്‍ കൂവള്ളൂര്‍, ബിജു തായമ്പത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്. കേളിദിനം 2021 കോര്‍ഡിനേറ്റര്‍ ടി.ആര്‍.സുബ്രഹ്മണ്യന്‍ ചടങ്ങിന് നന്ദി പറഞ്ഞു.