റിയാദ് : 27 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര കമ്മറ്റി അംഗവും ഉമ്മല്‍ ഹമ്മാം ഏരിയ സെക്രട്ടറിയും രക്ഷാധികാരി കമ്മറ്റി അംഗവുമായ ഓ പി മുരളിക്ക്  വിവിധ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. മലപ്പുറം വാഴക്കാട് സ്വദേശിയാണ്. കേളി നടത്തുന്ന എല്ലാ പരിപാടികളിലേയും സജീവ സാന്നിധ്യമായിരുന്ന മുരളി, കേളിയുടെ മികച്ചൊരു സംഘാടകന്‍ കൂടിയാണ്.

ബത്ത ക്ലാസിക്ക് ഓഡിറ്റോറിയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  നടന്ന ചടങ്ങില്‍ കേളി  പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷനായിരുന്നു, കേന്ദ്ര കമ്മറ്റി അംഗം പ്രതീപ് രാജ് സ്വാഗതമാശംസിച്ചു. കേന്ദ്ര രക്ഷാധികാരി കമ്മറ്റി കണ്‍വീനര്‍ കെപിഎം സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാര്‍, ഗോപിനാഥന്‍ വേങ്ങര, കേളി  കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ സെബിന്‍ ഇഖ്ബാല്‍, പ്രഭാകരന്‍ കണ്ടോന്താര്‍, ഷമീര്‍ കുന്നുമ്മല്‍, കേളി ഉമ്മല്‍ ഹമ്മാം ഏരിയ പ്രസിഡന്റ് ബിജു, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍, കേളിയുടെ വിവിധ  ഏരിയ, യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ചടങ്ങില്‍ കേന്ദ്ര കമ്മറ്റിയുടെ ഉപഹാരം ആക്ടിംഗ് സെക്രട്ടറി ടി.ആര്‍ സുബ്രമണ്യന്‍  മുരളിക്ക് കൈമാറി. ഏരിയ കമ്മറ്റിക്കു വേണ്ടി പ്രസിഡന്റ് ബിജുവും ഏരിയ രക്ഷാധികാരി കമ്മറ്റിക്കു വേണ്ടി പ്രതീപ് രാജും ഉപഹാരങ്ങള്‍ കൈമാറി. വിവിധ യൂണിറ്റുകള്‍ക്കു വേണ്ടി സെക്രട്ടറിമാര്‍ പൊന്നാട അണിയിച്ചു. യാത്രയയപ്പിന് ഒ.പി  മുരളി നന്ദി പറഞ്ഞു.