റിയാദ്:  നവകേരള സൃഷ്ടിക്ക് തുടക്കമിട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണത്തുടര്‍ച്ചയ്ക്കുള്ള ഉജ്ജ്വല ജനവിധി സമ്മാനിച്ച കേരള ജനതയോട്  നന്ദി പറയുന്നതായി റിയാദ് കേളി കലാസാംസ്‌കാരിക വേദി. ചരിത്രം തിരുത്തിക്കുറിച്ച വിജയം നേടിയ എല്ലാ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളേയും കേളിയുടെ അഭിനന്ദനക്കുറിപ്പില്‍ അഭിവാദ്യമര്‍പ്പിച്ചു.

നുണക്കോട്ടകൊണ്ട് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് വിശ്വസിച്ച പ്രതിപക്ഷത്തിന്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും വിവിധ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ കുതന്ത്രങ്ങളൊക്കെയും അതിജീവിച്ചാണ് ഇടതു ജനാധിപത്യ മുന്നണി തിളക്കമാര്‍ന്ന രണ്ടാം വിജയം നേടിയത്. ഒരു ഇടതുപക്ഷ മതേതര ബദല്‍ എങ്ങിനെ കെട്ടിപ്പടുക്കാമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തിരിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍ എന്നും കേളി സെക്രട്ടറിയേറ്റിന്റെ കുറിപ്പില്‍ പറഞ്ഞു

ഇടപതുപക്ഷ മുന്നണിയുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച പ്രവാസികള്‍ക്കും, ഇടതുമുന്നണിക്ക് വേണ്ടി വോട്ടു ചെയ്ത മുഴുവന്‍ പ്രവാസി കുടുംബങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും കേളിയുടെ അഭിനന്ദനക്കുറിപ്പില്‍ പറഞ്ഞു.