റിയാദ്: സൗദി സമൂഹത്തില്‍ സ്ത്രീ സാന്നിധ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇരു ഹറം കാര്യാലയ വിഭാഗം ഈ വര്‍ഷം 200 ല്‍ അധികം സ്ത്രീകളെ ഹറമില്‍ ജോലിക്കായി നിയമിച്ചു. റിയാദില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലെ ഹറമൈന്‍ പവലിയന്‍ സന്ദര്‍ശന വേളയിലാണ് ഇരു ഹറം കാര്യാലയ മേധാവിയും മക്ക ഇമാമുമായ ഡോ.അബ്ദുറഹ്മാന്‍ അല്‍ സുദൈസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുസ്തകമേളയിലെ പരിപാടിയുടെ ഭാഗമായി പങ്കെടുത്ത് ഹറമിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ത്രീകളുടെ പങ്കിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഡോ.അബ്ദുറഹ്മാന്‍ അല്‍-സുദൈസ്.

'സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വ്യക്തമായ പാതയുണ്ട്. ഞങ്ങളുടെ സഹോദരിമാര്‍ക്ക് ഡോക്ടറേറ്റും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കുവാന്‍ ഞങ്ങള്‍ അവസരം നല്‍കുന്നുമുണ്ട്. സ്ത്രീകളെ ശാക്തീകരിക്കാനും യുവാക്കളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സൗദി വിഷന്‍ 2030 പദ്ധതിയെ പിന്തുണക്കുകയും ഞങ്ങളുടെ നേതാക്കളുടെ കൂടെ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. ഹറം പരിപാലനവുമായി ബന്ധപ്പെട്ട് കാര്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ വലിയ വിജയം നേടിയിട്ടുണ്ട്. അത് മാധ്യമങ്ങളടക്കം പ്രശംസിക്കുകയും ഹൈലൈറ്റ് ചെയ്യേണ്ടതാണെന്നും അല്‍-സുദൈസ് പറഞ്ഞു.

വിശുദ്ധ കഅബയുടെ മൂടുപടത്തിനായുള്ള കിംഗ് അബ്ദുല്‍ അസീസ് കോംപ്ലക്സിന്റെ ശേഖരം, നെയ്ത്തും ഡൈയിംഗും ഉള്‍പ്പെടെയുള്ള നിര്‍മ്മാണ ഘട്ടങ്ങളും അപൂര്‍വ്വ കയ്യെഴുത്തു പ്രതികളുടെയും ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെയും പ്രദര്‍ശനം തുടങ്ങി പവലിയനെയും അതിന്റെ ഉള്ളടക്കങ്ങളെയും കുറിച്ച് അല്‍-സുദൈസ് വിശദീകരിച്ചു.

സൗദി അറേബ്യ എന്ന രാജ്യം സ്ഥാപിക്കുന്നതില്‍ സ്ത്രീകള്‍ ചരിത്രപരമായി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന്, നമ്മുടെ ഇസ്ലാമിക മൂല്യങ്ങള്‍ക്കും ദേശീയ സ്വത്വത്തിനും അനുസൃതമായി സ്ത്രീകളെ ശാക്തീകരിക്കാന്‍ രാജ്യം വിഷന്‍ 2030 വഴി പ്രതിജ്ഞാബദ്ധമാണ്. സുദൈസ് പറഞ്ഞു. ഇന്ന്, ഹറമുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ 90 ശതമാനം അംഗങ്ങളും യുവാക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഡോ.അല്‍-അനൗദ് അല്‍-അബൗദ്, ഡോ.ഫാത്തിമ അല്‍-റഷൗദ് എന്നീ വനിതകളെ അല്‍-സുദൈസ് അദ്ദേഹത്തിന്റെ ഓഫീസിലെ സഹായികളായി നിയമിച്ചിരുന്നു. 'ഞങ്ങളുടെ മതം ആജ്ഞാപിച്ചതും ഞങ്ങളുടെ നേതാക്കള്‍ കല്‍പിച്ചതുമായ സ്ത്രീകള്‍ക്ക് അവരുടെ ശരിയായതും മതിയായതുമായ ഇടം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും സുദൈസ് പറഞ്ഞു.

നിയാദില്‍ നടക്കുന്ന മേഖലയിലെ ഏറ്റവും വലിയ പുസ്തകമേളയില്‍ 10 ദിവസങ്ങളിലായി 1,000 പ്രസിദ്ധീകരണശാലകള്‍ പങ്കെടുത്തു. സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍, അതിഥി പ്രഭാഷണങ്ങള്‍, സംവേദനാത്മക ഗെയിമുകള്‍, കുട്ടികളുടെ ബൂത്തുകള്‍, വായനാ സൗകര്യങ്ങള്‍ എന്നിവ പുസ്തകമേളയിലുടനീളം ലഭ്യമായിരുന്നു.