റിയാദ്: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ നടപടികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ആവര്‍ത്തിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച 3168 പേര്‍ക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 

കൊറോണ വ്യാപന പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം വീണ്ടും അറിയിച്ചിരിക്കുന്നത്. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ നടപടികള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കും പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുമ്പോള്‍ താപനില രേഖപ്പെടുത്തുവാന്‍ വിസമ്മതിക്കുകയും ചെയ്യുന്നത് മുന്‍കരുതല്‍ നടപടികളുടെ ലംഘനമായി കണക്കാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് കുറഞ്ഞത് ഒരു ലക്ഷം റിയാലായിരിക്കും പിഴ. നിയമ ലംഘനം ആദ്യം കണ്ടെത്തിയാല്‍ 1,000 റിയാല്‍ പിഴ ഈടാക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍, പിഴ ഒരുലക്ഷം (100,000) റിയാല്‍ വരെ പിഴ ഈടാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 608 പേര്‍ കോവിഡ് മുക്തരായിട്ടുണ്ട്. ഇതികം കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലുള്ളത് 117 പേരാണ്. രണ്ടുപേരുടെ മരണവും വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.