റിയാദ്: വിദേശികളുടെ താമസ രേഖയായ ഇഖാമ, എക്സിറ്റ്, റീഎന്‍ട്രി വിസകള്‍, വിസിറ്റ് വിസ എന്നിവയുടെ സാധുത ഫീസുകളൊന്നും ഈടാക്കാതെ സൗജന്യമായി നീട്ടാനുള്ള സൗദി സര്‍ക്കാര്‍ തീരുമാനം 17 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് സൗദി അറേബ്യന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസാത്ത്) അറിയിച്ചു.

ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, ലെബനന്‍, ഈജിപ്ത്, ബ്രസീല്‍, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ, മൊസാംബിക്, ബോട്സ്വാന, ലെസോത്തോ, ഇസ്‌വാതിനി (സ്വിറ്റ്‌സര്‍ലാന്‍ഡ്) എന്നിവയാണ് 17 രാജ്യങ്ങള്‍.

ലെവിയോ മറ്റേതെങ്കിലും ഫീസോ ഈടാക്കാതെ ഇഖാമയുടെയും എക്സിറ്റ്, റീ-എന്‍ട്രി വിസയുടെയും കാലാവധി 2022 ജനുവരി 31 വരെ സൗദി പാസ്‌പോര്‍ട്ട് വിഭാഗം(ജവാസാത്ത്) സ്വമേധയാ നീട്ടാന്‍ തുടങ്ങി. ഇരുഹറം സംരക്ഷകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് പാസ്‌പോര്‍ട്ട് വിഭാഗം(ജവാസാത്ത്) സ്വമേധയാ കാലാവധി നീട്ടിതുടങ്ങിയത്. കോവിഡിന്റെ ഫലമായി രാജ്യത്തിന് പുറത്തുള്ളവരും യാത്രാ വിലക്ക് നേരിടുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരുമായ സന്ദര്‍ശകര്‍ക്ക് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന സന്ദര്‍ശന വിസകളുടെ സാധുത നീട്ടിനല്‍കാനും രാജാവിന്റെ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു. 

ജനുവരി 31 വരെയാണ് നീട്ടിനല്‍കുക. കോവിഡ് -19-ന്റെ ഫലമായുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനുള്ള ഗവണ്‍മെന്റിന്റെ തുടര്‍ ശ്രമങ്ങളുടെ ഭാഗമായാണ് സര്‍ക്കാറിന്റെ തീരുമാനം. കൂടാതെ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്ന മുന്‍കരുതല്‍ നടപടികളുടെയും പ്രതിരോധ പ്രോട്ടോക്കോളുകളുടെയും ഭാഗമായും കൂടിയാണിത്.