റിയാദ്: ഞായറാഴ്ച മുതല്‍ സൗദിയിലെ സ്‌കൂളുകളില്‍ മുഴുവന്‍ കുട്ടികളെയും ഒരുമിച്ച് ഇരുത്തി ക്ലാസുകള്‍ തുടങ്ങാന്‍ ശ്രമം തുടങ്ങും. നിലവില്‍ ഗ്രൂപ്പുകളാക്കി തിരിച്ചാണ് ക്ളാസുകള്‍ നടക്കുന്നത്. കൊറോണ ഭീതി ഏറെ കുറെ കുറഞ്ഞ പശ്ചാത്തലത്തിലാണ് സ്‌ക്കൂളുകളില്‍ കുട്ടികളെ ഒരുമിച്ചിരുത്താനുള്ള ശ്രമം നടത്തുന്നത്.

കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ഭൂരിഭാഗം ഇന്റര്‍മീഡിയറ്റ്, സെക്കന്‍ഡറി സ്‌കൂളുകളിലും കുട്ടികളെ ഒരുമിച്ച് ക്ലാസുകളിലിരുത്താന്‍ തയ്യാറെടുക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിലുണ്ടായിരുന്ന ഗ്രൂപ്പിങ് സംവിധാനം ഒഴിവാക്കാനാണ് തീരുമാനം. പ്രതിരോധ നടപടികളുടെ ഭാഗമായി നേരത്തെ എടുത്ത തീരുമാനം ഇനി വേണ്ട എന്നാണ് അധികൃതര്‍ പറയുന്നത്.

എല്ലാ വിദ്യാര്‍ഥികളെയും ഒരുമിച്ചുതന്നെ സ്‌കൂളുകളിലെത്തിച്ച് കൊറോണയ്ക്കു മുമ്പുണ്ടായ രീതിയിലേക്ക് ക്ലാസുകള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് തീരുമാനം. പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശമനുസരിച്ച് വിദ്യാര്‍ഥികളുടെ ഇരിപ്പിടങ്ങള്‍ക്കിടയിലെ ദൂരം പരമാവധി 30 സെന്റിമീറ്റര്‍ ആക്കി കുറച്ചിരുന്നു. ചെറിയ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് പുതിയ ഉത്തരവ് വലിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. 700 ലധികം വിദ്യാര്‍ഥികളുള്ള വലിയ സ്‌കൂളുകളില്‍ കുട്ടികളെ ഗ്രൂപ്പുകളാക്കി പഠിപ്പിക്കുന്ന സംവിധാനം തുടരുവാനാണ് സാധ്യത.