ജിദ്ദ: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പിന്റെ ഭാഗമായി ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നതിനുള്ള രജിസ്ട്രേഷന്‍ സൗദി അറേബ്യ ആരംഭിച്ചു.

18 വയസ്സിന് മുകളിലുള്ളവരും കുറഞ്ഞത് രണ്ടാമത്തെ ഡോസ് വാക്സിന്‍ ലഭിച്ച് ആറ് മാസമെങ്കിലും തികഞ്ഞവര്‍ക്കുമാണ് ബൂസ്റ്റര്‍ വാക്സിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വൃക്ക സംബന്ധമായ തകരാറുള്ള രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവരുള്‍പ്പെടെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് ബൂസ്റ്റര്‍ ഷോട്ട് നല്‍കിത്തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു.

കുത്തിവെപ്പ് ആരംഭിച്ചതിനുശേഷം ഡിസംബര്‍ പകുതിയോടെ ഏകദേശം 45 ദശലക്ഷം ഡോസ് വാക്സിന്‍ രാജ്യത്ത് വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു.

പകര്‍ച്ചവ്യാധി കുത്തനെ കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച മുതല്‍ സൗദി അറേബ്യ കോവിഡ് -19 നെതിരായ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തുടങ്ങിയിരുന്നു. തുറസ്സായ സ്ഥലങ്ങളില്‍ നിര്‍ബന്ധിത മാസ്‌ക്ക് ധരിക്കല്‍ ഒഴിവാക്കിയിട്ടുണ്ട്. മക്ക മദീന ഹറമുകളില്‍ ആരാധകര്‍ അകലം പാലിക്കേണ്ടതില്ലെന്നും ഇളവുകളില്‍ ഉള്‍പ്പെടുന്നു.