മക്ക: നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഉംറ കമ്പനികള്‍ക്ക് ചുമത്തിയ പിഴകള്‍ റദ്ദാക്കിക്കൊണ്ട് മക്കയിലെ അഡ്മിനിസ്ട്രേറ്റീവ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചു.

വിസ ലംഘനത്തിന്റെ പേരില്‍ പിഴ ചുമത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുടെ തീരുമാനത്തെ എതിര്‍ത്ത് ഉംറ കമ്പനികളിലൊന്ന് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്.

തീര്‍ഥാടകരുടെ വരവ് ആറ് മണിക്കൂര്‍ വൈകിയതിനാല്‍ ഉണ്ടായ നിയമലംഘനത്തിന് പിഴ ഈടാക്കാന്‍ ഉത്തരവിട്ടത് എട്ട് ഉംറ സേവന കമ്പനികള്‍ക്കാണ്. തുടര്‍ന്ന് കമ്പനികള്‍ തീര്‍ഥാടകരുടെ വരവ് വൈകുന്നത് തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ വിഷയമാണെന്ന് പറഞ്ഞ് തങ്ങള്‍ക്കെതിരെ എടുത്ത തീരുമാനം പുനഃപരിശോധിക്കാന്‍ ഹജജ്, ഉംറ മന്ത്രാലയത്തെ സമീപിച്ചിരുന്നു.

വിസ ലംഘനം ഉള്‍പ്പെടുന്ന നിയന്ത്രണങ്ങളുടെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് പിഴകള്‍ റദ്ദാക്കിക്കൊണ്ട് മക്ക അഡ്മിനിസ്ട്രേറ്റീവ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.