റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലെ ബൂത്ത് വാടക ഫീസില്‍ നിന്ന് പ്രസിദ്ധീകരണ സ്ഥാപനങ്ങളെ ഒഴിവാക്കാന്‍ സാംസ്‌കാരിക മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുള്ള ബിന്‍ ഫര്‍ഹാന്‍ നിര്‍ദ്ദേശിച്ചു. കോവിഡ് പ്രതിസന്ധിയുയിൽ പ്രസാധന വ്യവസായങ്ങളുടെ ക്ഷീണം കുറക്കുന്നതിന് സാഹിത്യം, പ്രസിദ്ധീകരണം, വിവര്‍ത്തന മേഖലകളെ പിന്തുണയ്ക്കുന്നതിനാണ് തീരുമാനം കൈകൊണ്ടിട്ടുള്ളത്.

പ്രസാധകര്‍ക്ക് നല്‍കുന്ന 50 ശതമാനം വാടക ഇളവ്, എല്ലാ ഷിപ്പിംഗ് ചെലവുകളും വഹിക്കുക, മേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ ഒരുക്കുക, എല്ലാ പ്രസാധകര്‍ക്കും ഇലക്‌ട്രോണിക് സെയില്‍സ് പോയിന്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ പ്രിന്‍സ് ബദര്‍ നിര്‍ദ്ദേശം നല്‍കി.

കോവിഡ് പ്രതിസന്ധിയിൽ സൗദി അറേബ്യ സ്വീകരിച്ച പ്രതിരോധ നടപടികളുടെ ഫലമായി കഴിഞ്ഞ വര്‍ഷത്തെ പുസ്തകമേള റദ്ദാക്കിയതിന് ശേഷം ആദ്യമായി സാഹിത്യ പ്രസിദ്ധീകരണ, വിവര്‍ത്തന കമ്മീഷന്റെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ പുസ്തകമേള നടന്നത്. 30 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പ്രസിദ്ധീകരണശാലകള്‍ പുസ്തകമേളയില്‍ പങ്കാളികളായി.