റിയാദ്: സൗദിയില്‍ ഒക്‌ടോബര്‍ 10 മുതല്‍ തവക്കല്‍ന ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് മാറുന്നു. 2 ഡോസ് കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ഒക്‌ടോബര്‍ 10 മുതല്‍ അവരുടെ തവക്കല്‍ന ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കുകയുള്ളൂ. സൗദി ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.

ഫൈസര്‍ - ബയോടെക്, ഓക്‌സ്‌ഫോര്‍ഡ് - ആസ്ട്രാസെനെക, മോഡേണ, അല്ലെങ്കില്‍ ഒരു ഡോസ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്സിനുകളില്‍ ഏതെങ്കിലും രണ്ട് ഡോസ്  കുത്തിവെപ്പ് പൂര്‍ത്തിയാക്കിയവരുടെ തവക്കല്‍ന ആപ്പില്‍ മാത്രമേ ഇനി മുതല്‍ പ്രതിരോധശേഷി കാണിക്കുകയുള്ളു.

അംഗീകൃത മൂന്ന് വാക്‌സിനുകളുടെയും രണ്ടാം ഡോസ് എടുക്കുന്ന തീയതി മുതല്‍ രോഗ പ്രതിരോധനില അപ്‌ഡേഷന്‍ ആരംഭിക്കുകയുള്ളു. അതേസമയം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ എടുത്തവരുടെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ആദ്യ ഡോസ് എടുത്ത് 14 ദിവസത്തിന് ശേഷമായിരിക്കും പരിഗണിക്കുക.

സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി ഒക്‌ടോബര്‍ 10 മുതല്‍ തവക്കല്‍ന ആപ്പില്‍ രാജ്യത്തെ എല്ലാ ആളുകളുടെയും ആരോഗ്യസ്ഥിതി അപ്‌ഡേറ്റ് ചെയ്യാന്‍ ആരംഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.

രണ്ടാമത്തെ ഡോസ് വാക്‌സിനേഷന്റെ തീയതി മുതല്‍ സ്റ്റാറ്റസ് കണക്കാക്കും. ആദ്യ ഡോസ് എടുത്ത് 90 ദിവസങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ ഡോസ് എടുക്കുന്ന സാഹചര്യത്തില്‍, തവക്കല്‍നയിലെ സ്റ്റാറ്റസ് ''തെളിയിക്കപ്പെട്ട അണുബാധ'' എന്നായി മാറും. രണ്ടാമത്തെ ഡോസ് എടുക്കുകന്നതോടെ സ്റ്റാറ്റസ് ''ഇമ്മ്യൂണ്‍'' എന്നായി മാറുമെന്നും മന്ത്രാലയം അറിയിച്ചു.