റിയാദ്: സ്വന്തം സ്വകാര്യ നേട്ടത്തിനായി ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പരമാവധി ആറുമാസം തടവും 50,000 രൂപ പിഴയും ചുമത്തുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) മുന്നറിയിപ്പ് നല്‍കി.

ജയില്‍ ശിക്ഷക്കും പിഴ ഈടാക്കിയതിനും ശേഷം വ്യക്തിഗത തൊഴില്‍ ചെയ്യുന്ന പ്രവാസിയെ നാടുകടത്തുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസ്താവനയില്‍ പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഒഴിവാക്കുന്നതിനുമുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ജവാസാത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

റീ എന്‍ട്രി വിസയില്‍ സ്വദേശത്തേക്ക് പോയി സൗദിയില്‍ മടങ്ങിവരാത്ത വീട്ടുജോലിക്കാരെ അവരുടെ എക്സിറ്റ്, റീഎന്‍ട്രി വിസയുടെ സാധുത കാലഹരണപ്പെട്ടതിന് ആറുമാസത്തിനുശേഷം പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ അബ്ഷീര്‍ സംവിധാത്തില്‍നിന്ന് യാന്ത്രികമായി നീക്കം ചെയ്യുമെന്ന് ജവാസാത്ത് ഒരാഴ്ച മുമ്പ് വെളിപ്പെടുത്തിയിരുന്നു.

തിരിച്ചുവരവ് പരാജയപ്പെട്ട പ്രവാസികള്‍ 'തവാസുല്‍'' സന്ദേശമയയ്ക്കലിലൂടെയും വിസയുടെ കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ ഇലക്രേ്ടാണിക് സേവനങ്ങള്‍ക്കായുള്ള അബ്ഷര്‍ പ്‌ളാറ്റ്‌ഫോമില്‍ സേവനങ്ങള്‍ക്കായി അഭ്യര്‍ത്ഥിച്ചില്ലെങ്കില്‍ അവ സിസ്റ്റത്തില്‍ നിന്ന് നീക്കംചെയ്യപ്പെടും.

എക്‌സിറ്റ്, റീ-എന്‍ട്രി വിസകള്‍ ഫൈനല്‍ എക്സിറ്റ് വിസയായി പരിവര്‍ത്തനം ചെയ്യില്ലെന്നും ജവാസാത്ത് അറിയിച്ചിട്ടുണ്ട്.
എക്സിറ്റ്, റീഎന്‍ട്രി വിസയില്‍ രാജ്യം വിട്ട് വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്താന്‍ കഴിയാത്ത പ്രവാസികളെ മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് ജവാസാത്ത് വൃത്തങ്ങള്‍ പറഞ്ഞു.

ആശ്രിത വിസയിലുള്ളവരുടെ കാര്യത്തിലും മുന്‍ തൊഴിലുടമയില്‍ നിന്ന് പുതിയ വിസ നേടിയ ആളുകളുടെ കാര്യത്തിലും ഇളവുകള്‍ ഉണ്ടാകും. എക്‌സിറ്റ്, റീ-എന്‍ട്രി വിസയുടെ സാധുത കാലയളവ് സൗദിയില്‍ിന്നും പുറത്തുകടക്കുന്ന തീയതി മുതല്‍ കണക്കാക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.