ദമാം: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയായ അല്‍-ഖോബാറില്‍ ഭക്ഷണശാലകളിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് ഭക്ഷണശാലകളിലാണ് അപകടം നടന്നത്. ഒരാള്‍ മരിച്ചതിനു പുറമെ ഒമ്പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചയാള്‍ അറബ് പൗരനാണ്. 

ഒരേ കെട്ടിടത്തിലായിരുന്നു രണ്ട് ഭക്ഷണശാലകളും പ്രവര്‍ത്തിച്ചിരുന്നത്. പരിക്കേറ്റവരില്‍ രണ്ട് പേരൊഴിച്ച് മറ്റുള്ളവരെ പ്രാഥമിക ശുശ്രുഷ നല്‍കി ആശുപത്രിയില്‍നിന്നും വിട്ടയച്ചു.

പിറ്റേന്ന് പെരുന്നാള്‍ ആയതിനാല്‍ രാത്രി നേരത്തെ ഭക്ഷണശാല അടയ്ക്കാന്‍ സ്ഥാപന ഉടമ നിര്‍ദ്ദേശം നല്‍കി പോയതിനുശേഷമായിരുന്നു അപകടം. സ്ഫോടനമുണ്ടായ ഭക്ഷണശാലയിലുണ്ടായിരുന്ന ഒരു വനിതയും മക്കളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. 

ഭക്ഷണശാലയിലെ കിച്ചണ്‍ ഏരിയയിലും ഡൈനിങ് ഹാളിലുമാണ് അപകടം ഉണ്ടായത്. സ്ഫോടനം നടന്ന ഭക്ഷണശാലകള്‍ക്ക് സമീപത്തെ ദ്രവീകൃത ഗ്യാസ് ടാങ്കറി നിന്ന് വാതക ചോര്‍ച്ചയെത്തുടര്‍ന്നാണ് സ്ഫോടനം ഉണ്ടായതെന്നാണ് നിഗമനം.