റിയാദ്: ഇടതു ഭരണം തുടരേണ്ടത് കേരളത്തിന്റെ വികസന തുടര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. റിയാദ് കേളി കലാ സാംസ്‌കാരിക വേദിയുടെ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത നിരവധി ദുരന്തങ്ങള്‍ ഉണ്ടായിട്ടും കേരളത്തിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പുതിയൊരു തുടക്കം കുറിക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഇത്രയും ദുരന്തങ്ങള്‍ നേരിട്ടിട്ടും കേരളത്തോട്  കേന്ദ്ര സര്‍ക്കാര്‍ കാണിച്ചത് കടുത്ത അവഗണനയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനമായാലും ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും മറ്റുമുണ്ടായ പുരോഗതി ആയാലും ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ ഉറ്റുനോക്കുന്ന നേട്ടങ്ങളാണ് കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മഹാമാരിക്കാലത്തും അതിനു ശേഷവും നാട്ടില്‍ പട്ടിണി ഇല്ലാതാക്കിയത് ഈ സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്ന്  സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രിയുമായ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. 

പ്രവാസി കേരള കോണ്‍ഗ്രസ്സ് എം പ്രതിനിധി ഷിജോ മുളയാനിക്കല്‍ അരീക്കര, ന്യൂഏജ്  ജോ.സെക്രട്ടറി വിനോദ് മഞ്ചേരി, ഐഎംസിസി ജനറല്‍ സെക്രട്ടറി റഷീദ് എടച്ചക്കി, കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ഗോപിനാഥ് വേങ്ങര, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവര്‍ സംസാരിച്ചു. കേളി മുഖ്യ രക്ഷാധികാരി സമിതി കണ്‍വീനര്‍ കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി ആക്ടിംഗ് സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ കണ്‍വെന്‍ഷനില്‍ നന്ദി രേഖപ്പെടുത്തി. കേളി മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിര്‍മ്മിച്ച ചെറു വീഡിയോ കണ്‍വെന്‍ഷനില്‍ പ്രദര്‍ശിപ്പിച്ചു.