ജിദ്ദ: സൗദി അറേബ്യ രണ്ട് ഉപഗ്രഹങ്ങള്‍ ശനിയാഴ്ച വിക്ഷേപിക്കുമെന്ന് സൗദി ബഹിരാകാശ കമ്മീഷന്‍ (എസ്.എസ്.എല്‍.സി.) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ അറിയിച്ചു.

കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (കെ.എസി.എസ്.ടി.), കിങ് സൗദി യൂണിവേഴ്സിറ്റി എന്നിവ രണ്ട് ഉപഗ്രഹങ്ങള്‍ ശനിയാഴ്ച രാവിലെ വിക്ഷേപിക്കാനൊരുങ്ങുന്നതിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു എന്ന് സുല്‍ത്താന്‍ രാജകുമാരന്‍ പറഞ്ഞു.

കസാഖിസ്താനില്‍നിന്ന് ശനിയാഴ്ച രാവിലെ 'ഷഹീന്‍ സാറ്റ്' എന്ന 17-ാമത്തെ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഒരുങ്ങുന്നതായി കെ.എസി.എസ്.ടി. അറിയിച്ചു.

കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഉപഗ്രഹം ബഹിരാകാശ ഫോട്ടോഗ്രാഫിക്കും കപ്പലുകളുടെ ട്രാക്കിങ്ങിനുമായി ബന്ധപ്പെട്ട പുതിയ കണ്ടുപിടുത്തങ്ങളെ സഹായിക്കുന്നതാണ്. രണ്ടാമത്തെ ഉപഗ്രഹമായ ക്യൂബ് സാറ്റ് വിദ്യാഭ്യാസ ഉപഗ്രഹമാണ്.