ജിദ്ദ: ജൂലൈ 13-ന് മുമ്പായി മക്ക, മദീന പുണ്യനഗരങ്ങളിലെ കോവിഡ് -19 വാക്സിന്‍ സ്വീകര്‍ത്താക്കളുടെ എണ്ണം കുറഞ്ഞത് 60 ശതമാനമായി ഉയര്‍ത്താന്‍ സൗദി ആരോഗ്യ മന്ത്രാലയം (എം.ഒ.എച്ച്.) പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. 

ദേശീയ പരിവര്‍ത്തന പദ്ധതിയുടെ (എന്‍.ടി.പി.) ഏകോപനത്തോടെ ഈ വര്‍ഷത്തെ ഹജ്ജിനായി ഹജ്ജ് മന്ത്രാലയം ആരോഗ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
പദ്ധതി പ്രകാരം, ഈ വര്‍ഷം ഹാജിമാരുടെ സേവനത്തിനായി ജോലി ചെയ്യാന്‍ നിയോഗിക്കപ്പെടുന്ന എല്ലാവരും രാജ്യത്ത് അംഗീകരിച്ച കോവിഡ്- 19 വാക്സിന്‍ രണ്ട് ഡോസുകള്‍ എടുത്തിരിക്കണം.

ആഭ്യന്തര ഹാജിമാര്‍ ദുല്‍ഹജജ് ഒന്നിന് മുമ്പായി രാജ്യത്തിനകത്ത് അംഗീകൃത വാക്സിന്‍ രണ്ട് ഡോസ് കുത്തിവെപ്പ് നടത്തിയിരിക്കണം. വിദേശത്തുനിന്ന് വരുന്ന എല്ലാ ഹജ്ജ് തീര്‍ഥാടകരും നിര്‍ബന്ധമായും ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് -19 വാക്സിന്‍ രണ്ട് ഡോസുകള്‍ എടുത്തിരിക്കണം എന്ന് മന്ത്രാലയം ഉദ്ദേശിക്കുന്നുണ്ട്. 

ഇതില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ സൗദിയിലെത്തുന്നതിന് ഒരാഴ്ച മുമ്പ് അവരുടെ നാടുകളില്‍വച്ച് തന്നെ എടുക്കണമെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു. സൗദി അറേബ്യയിലെത്തുന്നതിന് 72 മണിക്കൂര്‍ മുമ്പ് തീര്‍ഥാടകര്‍ കോവിഡ് പരിശോധന നടത്തിയതായി തെളിയിക്കുന്ന അംഗീകൃത കേന്ദ്രങ്ങളില്‍നിന്നുള്ള  ലബോറട്ടറി പരിശോധനാ ഫലവും ഹാജരാക്കണം.

എല്ലാ തീര്‍ഥാടകര്‍ക്കും 72 മണിക്കൂര്‍ ക്വാറന്‍ന്റെന്‍ നിര്‍ബന്ധമാക്കണം. ഈ വര്‍ഷത്തെ ഹജജിനായുള്ള മന്ത്രാലയത്തിന്റെ ആരോഗ്യ നിയന്ത്രണ പദ്ധതി അനുസരിച്ച് എല്ലാ തീര്‍ഥാടകരും ഹജ്ജ് സേവകരും തൊഴിലാളികളും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. അവരുടെ താമസ സ്ഥലങ്ങളില്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കുകയും വേണം. പരസ്പരം ഇടകലരാതെ ഓരോ വ്യക്തിയും തമ്മില്‍ കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിക്കണം.

ഏറ്റവും ദുര്‍ബലരായ ഗ്രൂപ്പുകളെ ഹജ്ജ് നിര്‍വഹിക്കുന്നതിന് നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കാനും ഹജ്ജിനെത്തുന്നവരുടെ പ്രായപരിധി 18 നും 60 നും ഇടയില്‍ മാത്രമാക്കി പരിമിതപ്പെടുത്താനും മന്ത്രാലയം ഉദ്ദേശിക്കുന്നുണ്ട്.