മക്ക: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെയും പ്രതിരോധ പ്രോട്ടോക്കോളുകളുടെയും ഭാഗമായി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി 18 നും 70 നും ഇടയില്‍ പ്രായമുള്ള ആഭ്യന്തര തീര്‍ഥാടകരെ ഉംറ നിര്‍വ്വഹിക്കാന്‍ അനുവദിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

നിലവിലെ പെര്‍മിറ്റ് കാലഹരണപ്പെട്ടതിന് ശേഷവും 'ഇതമര്‍ന' അപേക്ഷയുടെ ഗുണഭോക്താക്കള്‍ക്ക് ഉംറ ആവര്‍ത്തിക്കാമെന്ന് മന്ത്രാലയം പറയുന്നു. മുമ്പത്തെ പെര്‍മിറ്റ് റദ്ദാക്കിയാല്‍ ലഭ്യമായ അവസരത്തില്‍ ഒരു പുതിയ പെര്‍മിറ്റ് നല്‍കാനാകും. 

നിലവിലെ ചട്ടമനുസരിച്ച്, ഓരോ 15 ദിവസത്തിലും ഉംറ പെര്‍മിറ്റ് എടുക്കുന്നതിനായി ബുക്കിങ് നടത്താവുന്നതാണ്. ആപ്ളിക്കേഷന്‍ വഴി ദിവസേന ബുക്കിങ് നടത്താമെന്നും ഗതാഗത സേവനം അവരവരുടെ താല്‍പര്യമനുസരിച്ചാണെന്നും മന്ത്രാലയം അറിയിച്ചു.

ആപ്ളിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിന്റെ വര്‍ദ്ധന കാരണം മിനിറ്റുകള്‍ക്കകം രണ്ട് ദശലക്ഷം ഉപയോക്താക്കള്‍ ബുക്ക് ചെയ്യുന്നുണ്ടെന്ന് ആപ്ളിക്കേഷനിലൂടെ ഉംറയ്ക്ക് റിസര്‍വേഷന് അവസരം ലഭ്യമല്ലാത്തതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിച്ച് മന്ത്രാലയം വ്യക്തമാക്കി.

2020 നവംബര്‍ ഒന്നു മുതല്‍ ആരംഭിച്ച ഉംറ സേവനം ക്രമേണ പുനരാരംഭിക്കുന്നതിന്റെ മൂന്നാം ഘട്ടം ഇപ്പോഴും നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. വിദേശ തീര്‍ഥാടകര്‍ക്കും സ്വദേശികള്‍ക്കും ഉംറ അനുഷ്ഠാനം നടത്താനും പ്രവാചക പള്ളി, റൗദ ഷെരീഫ് എന്നിവ സന്ദര്‍ശിക്കുവാന്‍ തുടക്കം മുതല്‍ അനുവദിക്കുന്നുണ്ട്.

മൊത്തം 20,000 ഉംറ തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 60,000 ആരാധകര്‍ക്ക് ഹറമില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. നിലവിലെ ഘട്ടത്തില്‍ പുണ്യ ഭവനത്തില്‍ 100 ശതമാനവും ആരാധകര്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്.