ദമ്മാം: ദമ്മാം കിങ് അബ്ദുല്‍ അസീസ് തുറമുഖം വഴി 14 ദശലക്ഷം ക്യാപ്റ്റഗന്‍ ഇനത്തില്‍പെട്ട മയക്കുമരുന്ന് ഗുളികകള്‍ ഒളിച്ച് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി സൗദി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

തടികൊണ്ടുള്ള ചരക്കുകളായിരുന്നു പ്രധാനമായും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചിരുന്നത്. തടികളുടെ പാളികളില്‍ മയക്കുമരുന്ന് ഗുളികകള്‍ ഒളിപ്പിച്ചിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. 

മയക്കുമരുന്ന് കണ്ടെത്താനുള്ള ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയതെന്ന് സൗദി കസ്റ്റംസ് സുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ നയീം പറഞ്ഞു. 14.5 ദശലക്ഷം മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തുവെന്നും ആവശ്യമായ നടപടികള്‍ സ്വീകരിച്ചെന്നും അല്‍-നയീം കൂട്ടിച്ചേര്‍ത്തു.

കള്ളക്കടത്തുകാര്‍ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, സൗദി കസ്റ്റംസ് ജാഗ്രത പുലര്‍ത്തുകയും രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു ശ്രമവും കണ്ടെത്താനും തടയാനും പരമാവധി ശ്രമം നടത്തുമെന്നും കസ്റ്റംസ് അറിയിച്ചു.