റിയാദ്: മൂന്നുമാസത്തിനുള്ളില്‍ പതിനാറര ലക്ഷത്തോളം ഉംറ വിസകള്‍ സൗദി അറേബ്യ ഇഷ്യൂ ചെയ്തു. ഇതില്‍ പതിനാല് ലക്ഷത്തിനടുത്ത് തീര്‍ഥാടകര്‍ സൗദിയിലെത്തിയിട്ടുണ്ട്. ഉംറ കര്‍മ്മത്തിനെത്തിയ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഈ ഉംറ സീസണില്‍ ഇതുവരെ ഇഷ്യൂ ചെയ്ത ഉംറ വിസകളുടെയും ഉംറ കര്‍മ്മത്തിനെത്തിയ തീര്‍ഥാടകരുടേയും വിവരങ്ങള്‍ പുറത്തുവിട്ടത്. മൂന്നുമാസത്തിനുള്ളില്‍ 16,47,662 ഉംറ വിസകളാണ് വിവിധ രാജ്യങ്ങളിലുള്ള തീര്‍ത്ഥാടകര്‍ക്കായി അനുവദിച്ചിട്ടുള്ളത്.
അനുവദിച്ച ഉംറ വിസകളില്‍ മൊത്തം 13,86,183 തീര്‍ഥാടകരാണ് ഇതുവരെ പുണ്യഭൂമിയില്‍ ഉംറക്കെത്തിയത്. ഉംറ കര്‍മ്മത്തിനെത്തിയ തീര്‍ഥാടകരില്‍ 10,75,738 തീര്‍ഥാടകര്‍ തങ്ങളുടെ ഉംറ കര്‍മ്മം നിര്‍വ്വഹിച്ച് മക്കയില്‍നിന്നും മദീനയിലെത്തി മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന റൗളയിലും പ്രവാചക പള്ളിയിലും പ്രാര്‍ത്ഥിച്ചു.
ഇതുവരെ എത്തിയ തീര്‍ഥാടകരില്‍ 13,28,647 തീര്‍ഥാടകര്‍ വിമാനമാര്‍ഗ്ഗമാണ് എത്തിയത്. 57,525 ഉംറ തീത്ഥാടകര്‍ റോഡ് മാര്‍ഗവും 11 പേര്‍ കപ്പല്‍ വഴിയുമാണ് എത്തിയത്. ഏറ്റവും കൂടുതല്‍ പേര്‍ ഉംറ കര്‍മ്മത്തിനെത്തിയത് പാകിസ്താാനില്‍നിന്നാണ്. 3,73,984 തീര്‍ഥാടകരാണ് പാകിസ്താനില്‍നിന്നും ഇതുവരെ ഉംറ കര്‍മ്മത്തിനെത്തിയത്.
3,47,424 തീര്‍ഥാടകരാണ് ഇന്തോനീഷ്യയില്‍നിന്നെത്തിയത്. ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാംസ്ഥാനത്താണ്. ഇന്ത്യയില്‍നിന്ന് 2,10,052 തീര്‍ഥാടകരാണ് ഇതുവരെ എത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. മലേഷ്യയില്‍ നിന്ന് 78,806, തുര്‍ക്കിയില്‍ നിന്ന് 58,652, ബംഗ്ളാദേശില്‍ നിന്ന് 40,168, അള്‍ജീരിയ 39,220, യു.എ.ഇ 26,836, ഇറാഖ് 21,021, ജോര്‍ദാന്‍ 20,855 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഉംറ തീര്‍ഥാടകരുടെ എണ്ണം.