മദീന: മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പ്രതിദിനം 130 ഓളം ഹജജ് വിമാനങ്ങളാണ് ഹജ്ജ് കര്‍മ്മം കഴിഞ്ഞ് മടങ്ങുന്ന ഹാജിമാരെ  അവരുടെ രാജ്യങ്ങളിലേക്ക് തിരികെ കൊണ്ടുപോകുന്നത്.

തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരന്‍ സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്, ഉംറ പ്രത്യേക പദ്ധതിവഴി 300 ആഫ്രിക്കന്‍ ഗോത്ര തലവന്മാരും 49 രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പുരോഹിതന്മാരും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് തീര്‍ഥാടകരുടെ മടക്കയാത്രയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും വിമാനത്താവളത്തില്‍ പൂര്‍ത്തിയാക്കുകയും മദീന വിമാനത്താവളം വഴിയുള്ള ഹാജിമാരുടെ മടക്കയാത്ര തുടരുകയും ചെയ്യുന്നുമുണ്ട്.

സല്‍മാന്‍ രാജാവിന്റെ അതിഥി പദ്ധതി പ്രകാരം ഇസ്ലാമിക മന്ത്രാലയ വിഭാഗം, കാള്‍ ആന്റ് ഗൈഡന്‍സ് വിഭാഗം എന്നിവരുടെ മേല്‍നോട്ടത്തില്‍ 79 രാജ്യങ്ങളില്‍ നിന്നുള്ള 6,500 തീര്‍ഥാടകര്‍ ഈ വര്‍ഷം ഹജ്ജ് കര്‍മ്മത്തിനെത്തിയിരുന്നു. 

അടുത്തിടെ ഇസ്ലാം മതം സ്വീകരിച്ച ആഫ്രിക്കന്‍ ഗോത്രതലവന്മാരും പുരോഹിതന്മാരും രാജാവിന്റെ ക്ഷണപ്രകാരം ഹജ്ജ് കര്‍മ്മത്തിനെത്തിയിരുന്നു. സൗജന്യമായി ഹജ്ജ് കര്‍മ്മം ചെയ്യാന്‍ അവസരമൊരുക്കിയ സല്‍മാന്‍ രാജാവിനെയും സര്‍ക്കാരിനെയും കര്‍മ്മങ്ങള്‍ അനായാസവും സമാധാനപരമായും പൂര്‍ത്തിയാക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിയ എല്ലാവരേയും ഹാജിമാര്‍ നന്ദി അറിയിക്കുതയും പ്രശംസിക്കുകയും ചെയ്തു.

അതേസമയം മദിനയിലെ പ്രവാചക നഗരത്തിലെ വിവിധ ആശുപത്രികളില്‍ കഴിയുന്ന ഹാജിമാരുടെ വൈദ്യചികിത്സയും ആരോഗ്യസ്ഥിതിയും നിരീക്ഷിക്കാനും സേവനം ഉറപ്പുവരുത്താനും മദീന ആരോഗ്യകാര്യ വകുപ്പ് എല്ലാ ആശുപത്രി മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആംബുലന്‍സുകള്‍ക്കു പുറമെ രോഗികളുടെയും ഡോക്ടര്‍മാരുടെയും ചലനങ്ങള്‍ നിരീക്ഷിക്കുവാന്‍ ക്യാമറകള്‍, കമ്പ്യൂട്ടറുകള്‍, സ്‌ക്രീനുകള്‍ എന്നിവ രോഗികളായ ഹാജിമാര്‍ കിടക്കുന്ന മുറിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. നാസര്‍ അല്‍ ഹാരിതി പറഞ്ഞു.