റിയാദ്: റിയാദിലെ കണ്ണട, വാച്ച്, ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ നിരവധി നിയമ ലംഘകര്‍ പിടിയില്‍. ഈ മാസം മാസം സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്ന സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.

റിയാദ് പ്രവിശ്യയിലെ 14 പട്ടണങ്ങളിലാണ് പരിശോധന നടന്നത്. മതിയായ സ്വദേശി ജീവനക്കാരില്ലാത്ത 220 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കി. ഗുരുതരമായ നിയമ ലംഘനം നടത്തിയ 80 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയം റിയാദ് റീജിയനല്‍ ഓഫീസ് അറിയിച്ചു.

റിയാദ്, അഫ്ലാജ്, വാദി ദവാസിര്‍, അല്‍ ഖര്‍ജ്, സുല്‍ഫി, മജ്മ, ശഖ്റ, അല്‍ ഗാത്, മുസാമിയ, സുലൈല്‍, ഹോത്ത ബനീതമീം, അഫീഫ്, ഖുവൈയ്യ, സുദൈര്‍ എന്നീ പട്ടണങ്ങളിലാണ് പരിശോധന നടന്നത്. ഇവിടങ്ങളില്‍ പരിശോധന തുടരും. നിയമ ലംഘകരായ സ്ഥാപനങ്ങളെ സംബന്ധിച്ച് 19911 എന്ന നമ്പരില്‍ അറിയിക്കണമെന്ന് തൊഴില്‍ മന്ത്രാലയം റീജിയനല്‍ ഡയറക്ടര്‍ യൂസഫ് അല്‍ സയാലി ആവശ്യപ്പെട്ടു.

ഈ വര്‍ഷം ജനുവരിയില്‍ 12 മേഖലകളില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടം നവംബര്‍ 9ന് നിലവില്‍ വന്നിരുന്നു. രണ്ടാഴ്ചക്കിടെ മലയാളികളടക്കം നൂറുകണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. 70 ശതമാനം സ്വദേശിവല്‍ക്കരണമാണ് കണ്ണട, വാച്ച്, ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ തൊഴില്‍ മന്ത്രാലയം നടപ്പിലാക്കുന്നത്.