റിയാദ്: സൗദിയിലെ ഏറ്റവും വലിയ പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിവലിന് പ്രൗഢമായ തുടക്കം. ഭരണാധികാരി സല്‍മാന്‍ രാജാവ് മേള ഉദ്ഘാടനം ചെയ്തു. അതിഥി രാഷ്ട്രമായി പങ്കെടുക്കുന്ന ഇന്ത്യയില്‍ നിന്ന് വിദേശകാര്യ മന്ത്രിയ സുഷമ സ്വരാജിന്റെ നേതൃത്വത്തിലുളള പ്രതിനിധി സംഘവും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

സൗദിയുടെ സംസ്‌കാരിക തനിമ വിളംബരം ചെയ്യുന്ന പൈതൃക മേളയാണ് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യാ-സൗദി സൗഹൃദം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇരുരാഷ്ട്രങ്ങള്‍ക്കും ലഭിച്ച അവസരമാണ് ഇതെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പറഞ്ഞു.

ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരവും സാമൂഹിക, സാമ്പത്തിക വളര്‍ച്ചയും പരിചയപ്പെടുത്തുന്ന പവിലിയന്‍ സുഷമ സ്വരാജ് ഉദ്ഘാടനം ചെയ്തു. പവിലിയന്‍ സല്‍മാന്‍ രാജാവ് സന്ദര്‍ശിച്ചു. ഇന്ത്യന്‍ പവിലിയന്‍ സന്ദര്‍ശിച്ച രാജാവിനെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നൃത്തച്ചുവടുകളോടെ സ്വാഗതഗാനം ആലപിച്ച് സ്വീകരിച്ചു.

സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറും ഇന്ത്യന്‍ പവിലിയന്‍ സന്ദര്‍ശിച്ചു. വന്‍കിട കമ്പനികള്‍, ഐ എസ് ആര്‍ ഒ, ഇന്ത്യയിലെ വിവിധ മന്ത്രാലയങ്ങള്‍ എന്നിവ പവിലിയനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

കേരളത്തെ പരിചയപ്പെടുത്തുന്നതിന് മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രത്യേക പവിലിയനും ജനദ്രിയ വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസം ഒട്ടക ഓട്ട മത്സരവും പരമ്പരാഗത നൃത്തങ്ങളും അരങ്ങേറി. മൂനാഴ്ച മേള നീണ്ടുനില്‍ക്കും.