റിയാദ്: രാജ്യത്തിനെതിരേ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ച ഒരു ഖത്തര്‍ പൗരനടക്കം 22 പേര്‍ സൗദിയില്‍ പിടിയില്‍. സൈബര്‍ കുറ്റകൃത്യനിരോധന നിയമപ്രകാരം അഞ്ചുവര്‍ഷം തടവോ 30 ലക്ഷം റിയാല്‍ പിഴയോ അല്ലെങ്കില്‍ രണ്ടുമൊന്നിച്ചോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
 
സൗദി രാജ്യരക്ഷാ വിഭാഗം വക്താവാണ് ഇക്കാര്യം അറിയിച്ചത്. പിടികൂടപ്പെട്ടവരില്‍ ഒരു ഖത്തര്‍ പൗരനും ബാക്കിയുള്ളവര്‍ സൗദി പൗരന്മാരുമാണ്. സൗദിയിലെ ഹായില്‍ പ്രവിശ്യയിലാണ് ഇവരെ പിടികൂടിയത്. ഇവിടെ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയവരാണ് പിടയിലായവര്‍.
 
സൗദി അറേബ്യയെ പ്രതികൂലമായി ബാധിക്കുന്നവിധത്തിലുള്ള വിഷയങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നതായും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും തെളിവ് ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ തെളിവുകള്‍ക്കായി പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
 
രാജ്യത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്ന് സുരക്ഷാവിഭാഗം വക്താവ് പറഞ്ഞു. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കും. രാജ്യസുരക്ഷ അപകടപ്പെടുത്താന്‍ ആരേയും അനുവദിക്കില്ലെന്നും സുരക്ഷാവിഭാഗം വക്താവ് അറിയിച്ചു. ഓണ്‍ലൈന്‍ വഴി രാജ്യരക്ഷയെ ബാധിക്കുന്നതും മതത്തെ നിന്ദിക്കുന്നതും തിന്മകള്‍ പ്രോത്സാഹിപ്പിക്കുന്നതുമായ പ്രവര്‍ത്തികള്‍ നടത്തുന്നത് കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുമെന്നും സുരക്ഷാവിഭാഗം വ്യക്തമാക്കി.