റിയാദ്: സൗദി അറേബ്യയിൽ 12 ചെറുകിട വ്യാപാരമേഖലയിൽ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ ഒന്നാംഘട്ടം ബുധനാഴ്ച മുതൽ. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റെഡിമെയ്ഡ് വസ്ത്രങ്ങൾ, കാർഷോറൂമുകൾ, ഫർണിച്ചറുകൾ, പാത്രങ്ങൾ, സ്പെയർപാർട്‌സ്, കാർപ്പറ്റ് തുടങ്ങി വിവിധ ഉത്പന്നങ്ങൾ വിൽക്കുന്ന ചെറുകിട വ്യാപാരസ്ഥാപനങ്ങളിലാണ് പ്രാബല്യത്തിൽ വരുന്നത്.

70 ശതമാനം സ്വദേശിവത്കരണമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാനുമാണ് ചെറുകിട വ്യാപാരമേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്. ഈവർഷം ജനുവരി 28-നാണ് തൊഴിൽമന്ത്രാലയം 12 മേഖലകളിൽ സമ്പൂർണ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. പിന്നീട് സംരംഭകരും ചേംബർ ഓഫ് കൊമേഴ്‌സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ആവശ്യപ്പെട്ടതനുസരിച്ച് 70 ശതമാനമായി കുറയ്ക്കുകയായിരുന്നു.

അതേസമയം, മലയാളികളുൾപ്പെടെ ഇന്ത്യക്കാർ ധാരാളമായി ജോലിചെയ്യുന്ന ഗ്രോസറി ഷോപ്പുകളിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചിരുന്നില്ല. ഗ്രോസറിഷോപ്പുകളിൽ സ്വദേശിപൗരൻമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് തൊഴിൽമന്ത്രാലയം നോട്ടീസ് നൽകിയതായി വാർത്ത പ്രചരിച്ചിരുന്നു. ഇത് ശരിയല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.