മക്ക: ഒരു ഉംറ കര്‍മ്മം ചെയ്തശേഷം മറ്റൊരു ഉംറ കര്‍മ്മത്തിനായി ബുക്ക് ചെയ്യുവാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന സമയ പരിധി എടുത്തുകളഞ്ഞതായി സൗദി ഹജജ് ഉംറ മന്ത്രാലയ വക്താവ് ഹിഷാം സയീദ് അറിയിച്ചു. ഇതോടെ കാലയളവില്ലാതെ തുടര്‍ച്ചയായി എത്ര തവണ വേണമെങ്കിലും ഉംറ കര്‍മ്മം നിര്‍വ്വഹിക്കാനുള്ള അവസരം ഒരുങ്ങി. 

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് നേരത്തെ ഉംറ കര്‍മ്മം ചെയ്യുന്നതിന് നിയന്ത്രണം കൊണ്ടുവരികയും തവക്കല്‍ന ആപ്പ് വഴി അപ്പോയെന്‍മെന്റ് എടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. 

ഉംറ കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ ഒരുതവണ ബുക്ക് ചെയ്താല്‍ 15 ദിവസത്തിന് ശേഷമായിരുന്നു മറ്റൊരു ഉംറ കര്‍മ്മത്തിനായി തവക്കല്‍ന ആപ്പ്വഴി അനുമതി ലഭിച്ചയിരുന്നത്. എന്നാലിപ്പോള്‍ തവക്കല്‍ ആപ്പില്‍ ഇടവേളകളില്ലാതെ തന്നെ ഉംറ കര്‍മ്മത്തിനുള്ള അനുമതിക്കായി അപേക്ഷിക്കാനാകും.

Content Highlights: Restrictions for Umrah pilgrims to be lifted