കൂത്താട്ടുകുളം: 19 വർഷം കാത്തിരുന്ന അച്ഛൻ പിതൃദിനത്തിൽ നിശ്ചല ശരീരമായി അവർക്കു മുന്നിലെത്തി.

സ്നേഹത്തിന്റെ ചൂടിനുപകരം മരണത്തിന്റെ തണുപ്പാണ് അവർ തൊട്ടറിഞ്ഞത്. ഒന്നര മാസം മുമ്പ് സൗദിയിലെ റിയാദിൽ മരിച്ച രത്നകുമാറിന്റെ (58) മൃതദേഹം ഞായറാഴ്ച പുലർച്ചെയാണ് വീട്ടിലെത്തിച്ചത്. പാസ്പോർട്ടും രേഖകളും നഷ്ടപ്പെട്ടതിനെ തുടർന്ന് നാട്ടിലെത്താനാവാതെ സൗദിയിൽ കഴിയുകയായിരുന്നു. എന്നെങ്കിലും രത്നകുമാർ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഭാര്യ മോളിയും മക്കളായ സോനുകുമാറും സനുകുമാറും.

ഭർത്താവിനെക്കുറിച്ച് നെഞ്ചുപിടയുന്ന ഓർമകളാണ് പാലക്കുഴ കരിമ്പന കോഴിപ്ലാക്കിൽ മോളിക്കുള്ളത്. ഡൽഹിയിൽ ടൈപ്പിസ്റ്റായി ജോലിചെയ്യുന്ന കാലത്താണ് മോളി രത്നകുമാറുമായി അടുപ്പത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. കുടുംബം കരകയറ്റാനാണ് ചിറയിൻകീഴ് ശാസ്തവട്ടം ചരുവിള വീട്ടിൽ രത്നകുമാർ 30 വർഷം മുമ്പ് ഗൾഫിലെത്തിയത്.

ഫർണിച്ചർ സ്ഥാപനത്തിലായിരുന്നു ജോലി. ഇടയ്ക്ക് നാട്ടിൽ വരുമായിരുന്നു. 19 വർഷം മുമ്പ് ജോലിചെയ്തിരുന്ന സ്ഥാപനം തീപിടിത്തത്തിൽ നശിച്ചതോടെ ജോലി നഷ്ടപ്പെട്ടു. കൈവശമുണ്ടായിരുന്ന രേഖകളും നശിച്ചു. ഇതോടെ അവിടെ കുടുങ്ങി.

ഇതിനിടയിൽ പ്രമേഹരോഗ ബാധിതനായി. നാട്ടിലെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. രേഖകളില്ലാത്തതിനാൽ ഒളിവ് ജീവിതമായിരുന്നു. ചെറിയ ജോലികളൊക്കെ ചെയ്താണ് കഴിഞ്ഞിരുന്നത്. ഫോൺ വിളിക്കുമ്പോൾ എങ്ങനെയും ഒരു ദിവസം നാട്ടിലെത്തുമെന്ന് പറയാറുണ്ടായിരുന്നുവെന്ന് മോളി തേങ്ങലോടെ പറഞ്ഞു.

രത്നകുമാറിന്റെ ഭാര്യ
രത്നകുമാറിന്റെ ഭാര്യ മോളിയും മക്കളും പേരക്കുട്ടികളും പാലക്കുഴയിലെ വീട്ടിൽ

മേയ് നാലിനാണ് രോഗബാധിതനായി മരിച്ചത്. റിയാദിലെ ആശുപത്രിയിൽ തിരിച്ചറിയാത്ത നിലയിൽ മലയാളിയുടെ മൃതദേഹമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസി ഇടപെട്ടു. റിയാദ് കെ.എം.സി.സി.യുടെ സഹായത്തോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. രത്നകുമാറിന്റെ സഹോദരി പുത്രിയാണ് കൂത്താട്ടുകുളത്ത് താമസിക്കുന്ന മോളിയേയും മക്കളേയും മരണ വിവരമറിയിച്ചത്.

മൃതദേഹം ശനിയാഴ്ച രാത്രി നെടുമ്പാശ്ശേരിയിലെത്തിച്ച ശേഷം മൂവാറ്റുപുഴയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പാലക്കുഴ ഗ്രാമപ്പഞ്ചായത്ത് ഇടപെട്ട് ഞായറാഴ്ച കൂത്താട്ടുകുളത്ത് പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.

പാലക്കുഴ ഉപ്പുകണ്ടത്തെ വാടക വീട്ടിൽ മോളിയും ഇളയ മകൻ സനുകുമാറുമാണ് താമസിക്കുന്നത്. കരിമ്പനയിലുള്ള വീട്ടിൽ മൂത്ത മകൻ സോനു കുമാറും ഭാര്യ ജോസിയും മക്കളായ അഭിനവും അവന്തികയും താമസിക്കുന്നു.

വിദേശത്ത് ജോലി ചെയ്തെങ്കിലും സ്പോൺസർമാരില്ലാതെ വന്നതിനാൽ യാതൊരുവിധ സഹായവും കുടുംബത്തിന് ലഭിക്കില്ല. സ്വന്തമായി കിടപ്പിടം പോലും ഉണ്ടാക്കാൻ കഴിയാത്ത സ്ഥിതിയിലാണ് മോളി.