റിയാദ്: റംസാനില്‍ ഉംറ നിര്‍വ്വഹിക്കുന്നതിനും മക്കയിലെ ഹറംപള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നതിനും മദീനയിലെ പ്രവാചക പള്ളിയിലും റൗദ ഷെരീഫ് സന്ദര്‍ശിക്കുന്നതിനുമുള്ള അനുമതി നല്‍കുന്നതിന് പരിഷ്‌കരിച്ച സംവിധാനങ്ങളും ചട്ടങ്ങള്‍ ഞായറാഴ്ച സൗദി ഹജജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി.

ചട്ടങ്ങള്‍ അനുസരിച്ച്, കൊവിഡ് വാക്സിനെടുത്ത തീര്‍ത്ഥാടകരെയും ആരാധകരെയും മാത്രമേ ആചാര അനുഷ്ഠാനങ്ങള്‍ക്ക് അനുവദിക്കുകയുള്ളു. ഇരു ഹറമുകളിലും തീര്‍ഥാടകര്‍ക്കും ആരാധകര്‍ക്കുമൊപ്പം അനുഗമിക്കാന്‍ കുട്ടികളെ അനുവദിക്കില്ല. ഇശാ നമസ്‌ക്കാര പ്രാര്‍ത്ഥനക്കുള്ള അനുമതിയില്‍ തറാവീഹ് പ്രാര്‍ത്ഥനയും  ഉള്‍പ്പെടും.

തവക്കല്‍ന അപേക്ഷയില്‍ കാണിച്ചിരിക്കുന്നതുപോലെ രോഗപ്രതിരോധ കുത്തിവയ്പ് നടത്തിയവര്‍ക്ക് ഉംറ നിര്‍വ്വഹിക്കുന്നതിനും മക്കയിലെ ഹറം പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നതിനും അനുമതി നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു. രണ്ട് ഡോസ് വാക്സിന്‍ എടുത്ത് രോഗപ്രതിരോധ കുത്തിവയ്പ് നടത്തിയവര്‍, വാക്സിന്‍ ആദ്യ ഡോസ് ലഭിച്ച് 14 ദിവസം ചെലവഴിച്ചവര്‍, കൊറോണ വൈറസില്‍ നിന്ന് മുക്തരായവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കായിരിക്കും അനുമതി നല്‍കുക.

ഉംറ കര്‍മ്മത്തിന് മന്ത്രാലയം ഏഴ് സമയപരിധികള്‍ നിശച്ചയിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തെയുള്ള റിസര്‍വ്വേഷന്‍ റദ്ദാക്കിയവരുടെ ഒഴിവനുസരിച്ച് ഉംറ ചെയ്യുന്ന സമയപരിധിയില്‍ ചില മാറ്റങ്ങള്‍ വരുത്തും.