റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. തണുത്തുറഞ്ഞ ശീതകാറ്റിനും സാധ്യതയുണ്ട്. താഴ്വരകളിലും ജലാശയങ്ങള്‍ക്കു സമീപവും കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഇടിമിന്നലിന്റെ അകമ്പടിയോടെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. തായിഫ്, മെയ്സാന്‍ എന്നിവിടങ്ങളില്‍ മഴക്ക് മുന്നോടിയായി പൊടിക്കാറ്റിനും സാധ്യതയുണ്ട്. അല്‍ബാഹയില്‍ മഴയും ശീതകാറ്റും അനുവപ്പെടും. നജ്റാനിലെ തീര പ്രദേശങ്ങളില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. താഴ്വരകള്‍, ജലാശയങ്ങള്‍ എന്നിവക്കു സമീപം കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ സീസണില്‍ രാജ്യത്ത് ശക്തമായ മഴയാണ് ലഭിച്ചത്. ഡിസംബറില്‍ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമില്‍ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് പെയ്തത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ പ്രളയത്തില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 36 പേര്‍ മരിച്ചിരുന്നു. രാജ്യത്തെ 13 പ്രവിശ്യകളിലും സാമാന്യം ഭേദപ്പെട്ട മഴയാണ് ഈ സീസണില്‍ ലഭിച്ചത്. മദീനയിലും രണ്ടുതവണ കാലവര്‍ഷം അനുഭവപ്പെട്ടിരുന്നു.

Content Highlights: Weather Forecast in Saudi Arabia, Chance for rain in saudi