ദുബായ്: ഉപരോധം പിന്‍വലിക്കാനുള്ള ഉപാധികളോടുള്ള ഖത്തറിന്റെ പ്രതികരണം നിരാശാജനകമാണെന്ന് സൗദി അറേബ്യയും സഖ്യരാജ്യങ്ങളും പ്രഖ്യാപിച്ചു. അതിനാല്‍ ഉപരോധം തുടരുമെന്ന് അവര്‍ വ്യക്തമാക്കി. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നാല് അറബ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ ഈജിപ്തിലെ കയ്‌റോയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
 
സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ നല്‍കിയ ഉപാധികളില്‍ ഖത്തറിന്റെ മറുപടി നിരാശാജനകമായിരുന്നെന്നും ഉപാധി പട്ടിക ഖത്തര്‍ ഗൗരവത്തിലെടുത്തില്ലെന്നും ഈ രാജ്യങ്ങളടെ പ്രതിനിധികള്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തിന്റെ ആഴം മനസ്സിലാക്കുന്നതില്‍ ഖത്തര്‍ പരാജയപ്പെട്ടെന്ന് ഈജിപ്ഷ്യന്‍ വിദേശകാര്യമന്ത്രി സമേഹ് ശുക്രി പറഞ്ഞു. ഖത്തറിനെതിരെയുള്ള അടുത്ത നടപടി അന്താരാഷ്ട്ര നിയമപ്രകാരം ഉചിത സമയത്ത് കൈക്കൊള്ളുമെന്നും സൗദി വിദേശകാര്യമന്ത്രി അദേല്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഖത്തറിനുമേലുള്ള സാമ്പത്തിക ഉപരോധം അവരുടെ നയം മാറ്റുന്നതുവരെ വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍നിന്ന് ഖത്തറിനെ പുറത്താക്കുന്ന കാര്യം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത ശേഷം പ്രഖ്യാപിക്കുമെന്ന് ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി അറിയിച്ചു.

തീവ്രവാദത്തിനെതിരായി നിലകൊള്ളുമെന്ന 2014 റിയാദ് ഉച്ചകോടിയിലെ തീരുമാനം ഖത്തര്‍ പാലിച്ചില്ലെന്നും ഇനിയെങ്കിലും ശരിയായ നിലപാടെടുക്കണമെന്നും ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിനായി മധ്യസ്ഥശ്രമങ്ങള്‍ നടത്തിയ കുവൈത്ത് അമീര്‍ ശൈഖ് സാബാഹ് അല്‍ അഹമ്മദ് അല്‍ സബയോടു നാലുരാജ്യങ്ങളും നന്ദി പ്രകടിപ്പിച്ചു. അടുത്ത യോഗം ബഹ്‌റൈനിലെ മനാമയില്‍ ചേരുമെന്നും അറിയിച്ചിട്ടുണ്ട്.

ജൂണ്‍ അഞ്ചിനാണു സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള നാല് രാജ്യങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയത് . പ്രശ്‌നപരിഹാരത്തിന് 13 ഉപാധികളും മുന്നോട്ട് വെച്ചു. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കുക, അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടുക, ഇറാനുമായുള്ള നയതന്ത്ര ബന്ധം കുറയ്ക്കുക തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. ഉപാധികള്‍ മുന്നോട്ടുവെച്ച് പത്തുദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥം വഹിക്കുന്ന കുവൈത്ത് അമീറിന്റെ ഇടപെടല്‍കാരണം സമയപരിധി 48 മണിക്കൂര്‍കൂടി നീട്ടിയിരുന്നു.