കാളികാവ്: കോവിഡിൽ നാട്ടിലെത്തിയശേഷം മടക്കയാത്ര പ്രതിസന്ധിയിലായതോടെ പ്രവാസികളുടെ പ്രതീക്ഷകൾ മങ്ങുന്നു. സൗദി അറേബ്യയിലാണ് മലബാറിൽനിന്നുള്ള കൂടുതൽപ്പേരും ജോലിചെയ്യുന്നത്. നാട്ടിൽ തിരിച്ചെത്തിയശേഷം പ്രവാസികൾക്ക് കാലാവധി കഴിഞ്ഞ വിസ പുതുക്കാനായിട്ടില്ല.

വിസ കാലാവധി നീട്ടുന്നതിനു സൗദി ആഭ്യന്തരമന്ത്രാലയം അവസരം നൽകിയെങ്കിലും സാമ്പത്തികപ്രതിസന്ധിമൂലം ഭൂരിഭാഗംപേർക്കും നാട്ടിൽനിന്നുകൊണ്ട് വിസ പുതുക്കാനായിട്ടില്ല. സൗദിയുടെ തൊഴിൽ നിയമപരിഷ്കാരമാണ് വലിയ തിരിച്ചടിയായത്.

താമസരേഖയായ ഇഖാമ പുതുക്കാൻ മുൻപ് 600 റിയാലിൽ (12,000 രൂപ) താഴെ മതിയായിരുന്നു. മൂന്നുവർഷം മുൻപുനടപ്പാക്കിയ തൊഴിൽ നിയമപരിഷ്കാരം പ്രവാസികൾക്കു കനത്തപ്രഹരമായി. ഒരു വർഷത്തേക്കു ഇഖാമ പുതുക്കാൻ പാസ്പോർട്ട് അതോറിറ്റിക്ക് 650 സൗദി റിയാൽ (12,867 രൂപ) നൽകണം. കൂടാതെ തൊഴിൽമന്ത്രാലയത്തിൽ 9,593 റിയാൽ (1,90,004 രൂപ) ലെവിയും അടയ്ക്കണം.

ഇതോടെ ഇഖാമ പുതുക്കാനുള്ള ആകെച്ചെലവ് രണ്ടു ലക്ഷമായി ഉയർന്നു. ഇതിനെല്ലാം പുറമെ അവധിക്കാലത്തിനും ലെവി നൽകണം. ഏറ്റവും കുറഞ്ഞതു രണ്ടുമാസത്തേക്ക് 200 റിയാലാണ് (3,961രൂപ). പിന്നീടുള്ള ഓരോ മാസത്തിനും 100 റിയാൽ (1,980രൂപ) വീതവും നൽകണം.

നാട്ടിലേക്കു മടങ്ങിയവർക്ക് ഇഖാമ പുതുക്കാൻ കഴിഞ്ഞിട്ടില്ല. യാത്രാ നിരോധനംകൂടി നിലനിൽക്കുന്നതിനാൽ പലരും ഇഖാമ പുതുക്കാൻ താത്‌പര്യം കാണിച്ചില്ല. രണ്ടുവർഷമായി നാട്ടിലെത്തി മടങ്ങാൻകഴിയാത്ത പ്രവാസികളുണ്ട്. ഇഖാമയുടെ കാലാവധി ഉള്ളവർക്ക് യാത്രാനിരോധനമുള്ളതിനാൽ തിരിച്ചുപോക്കു സാധ്യമായിട്ടില്ല.

മാലിദ്വീപ്, ഖത്തർവഴി യാത്രയ്ക്ക് അവസരം തുറന്നുകിട്ടിയെങ്കിലും ഭാരിച്ച ചെലവു തടസ്സമാവുന്നു. ഖത്തറിലും മാലിദ്വീപിലും ഏഴുദിവസം സമ്പർക്കവിലക്കിൽ കഴിയണം. ത്രീസ്റ്റാർ ഹോട്ടലുകളിലെ ക്വാറന്റീൻ ഉൾപ്പെടെ രണ്ടരലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. നാട്ടിൽ ഇഖാമ പുതുക്കി മറ്റു രാജ്യങ്ങളിലൂടെ സൗദിയിലെത്താൻ അഞ്ചുലക്ഷം രൂപയോളം വേണം. വായ്പവാങ്ങി മടക്കയാത്ര നടത്താനും കഴിയില്ല. തൊഴിൽ ലെവിയായി മാസം 15,000 രൂപ മാറ്റിവെക്കേണ്ടതിനാൽ വായ്പ തിരിച്ചടയ്ക്കാൻ വരുമാനം തികയില്ലെന്നും പ്രവാസികൾ പറയുന്നു.