ജിദ്ദ: പൂര്‍ണ്ണമായും രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കു മാത്രമേ സെപ്റ്റംബര്‍ ഒന്ന് മുതല്‍ സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് അനുമതി ഉണ്ടായിരിക്കുകയുള്ളൂ എന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സൗദി എയര്‍ലൈന്‍സ് ഇക്കാര്യം അറിയിച്ചത്.

ഡെല്‍റ്റ വക ഭേദത്തെ നേരിടാന്‍ രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ട്.  12 വയസ്സിനു താഴെയുള്ളവരേയും വാക്സിന്‍ എടുക്കുന്നതില്‍ പ്രശ്‌നമുള്ള ആളുകളേയും ഈ നിബന്ധനയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഫസ്റ്റ് ഡോസ് എടുത്ത് തവക്കല്‍നായില്‍ ഇമ്യൂണ്‍ ആയവര്‍ക്കും ആഭ്യന്തര യാത്രക്ക് അനുമതി ലഭിക്കാനിടയില്ല. രോഗം ബാധിച്ചിട്ടില്ലെന്ന സ്റ്റാറ്റസുകൊണ്ടും പ്രയോജനമുണ്ടാകില്ല. എന്നാല്‍ തവക്കല്‍നായില്‍ ഇമ്യൂണ്‍ സ്റ്റാറ്റസോ രോഗം ബാധിച്ചിട്ടില്ലെന്ന സ്റ്റാറ്റസോ ഉള്ളവര്‍ക്ക് ആഭ്യന്തര യാത്രയ്ക്ക് ഇതുവരെ തടസ്സമില്ലായിരുന്നു.