ഹഫര്‍ അല്‍ ബാത്തിന്‍: സൗദി അറേബ്യയില്‍ ശൈത്യകാലം ആരംഭിക്കുന്നതിന് മുന്നോടിയായി മരുഭൂമിയിലെ പ്രവാസികള്‍ക്ക് കാരുണ്യത്തിന്റെ കരുതലുമായി ഒഐസിസി ഹഫര്‍ അല്‍ ബാത്തിന്‍ ഏരിയ കമ്മിറ്റി. ആട്ടിടയന്മാര്‍ ഉള്‍പ്പെടെയുള്ള തുച്ഛവരുമാനക്കാരായ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ് ഒഐസിസി ഹഫര്‍ അല്‍ ബാത്തിന്‍ ഏരിയ കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോടെ കരുതലിന്റെ കാരുണ്യ സ്പര്‍ശവുമായെത്തിയത്.

ഹഫര്‍ അല്‍ ബാത്തിനില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള ഒറ്റപ്പെട്ട മരുഭൂമി പ്രദേശങ്ങളിലെത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റു സുമനസ്സുകളും നല്‍കിയ കമ്പിളി പുതപ്പുകള്‍, തോബുകള്‍ എന്നിവ ഉള്‍പ്പെടെ ശൈത്യകാല പ്രതിരോധത്തിനാവശ്യമായ സാമഗ്രികളും ആഹാരവുമടങ്ങിയ കിറ്റുകള്‍ ഹഫര്‍ അല്‍ ബാത്തിന്‍ ഒഐസിസി നേതാക്കള്‍ നേരിട്ടെത്തിയാണ് വിതരണം ചെയ്തത്. നഗരപ്രദേശവുമായി യാതൊരുവിധ ബന്ധവുമില്ലാതെ കഴിയുന്ന മരുഭൂമിയിലെ പ്രവാസി സഹോദരങ്ങള്‍ അളവറ്റ സന്തോഷത്തോടെയാണ് കിറ്റുകള്‍ ഏറ്റുവാങ്ങിയതെന്ന് ഒഐസിസി ഹഫര്‍ അല്‍ ബാത്തിന്‍ ഏരിയ കമ്മിറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇത്തരമൊരു ആശയം മുന്നോട്ട് വച്ച് നടപ്പിലാക്കിയ ഒഐസിസി ഹഫര്‍ അല്‍ ബാത്തിന്‍ ഏരിയ കമ്മിറ്റി പ്രസിഡണ്ട് സലിം കീരിക്കാട്, ജനറല്‍ സെക്രട്ടറി ക്ലിന്‍േറാ ജോസ്, കോര്‍ഡിനേറ്റര്‍മാരായ നുഹ്മാന്‍ കൊണ്ടോട്ടി, ബിനു പോനാത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഇഖ്ബാല്‍ ആലപ്പുഴ, അനീഷ്, ജിദേഷ് എന്നിവരെ ഒഐസിസി ദമ്മാം റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയും ജനറല്‍ സെക്രട്ടറി ഇ.കെ.സലിമും അഭിനന്ദിച്ചു.