റിയാദ്: വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി റിയാദ് കേളി കലാ സാംസ്‌കാരിക വേദി രണ്ടാം ഘട്ടത്തില്‍ 2000 ഡോസ് കോവിഡ് വാക്‌സിനുള്ള തുക കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടായതിലുള്ള ആഹ്ലാദം പങ്കുവെക്കുന്നതിനും, ഇടതു ജനാധിപത്യ മുന്നണിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതിനുമാണ് വാക്‌സിന്‍ ചലഞ്ചില്‍ വീണ്ടും പങ്കാളിയാകുന്നത്. ആദ്യ ഘട്ടത്തില്‍ 1000 വാക്‌സിനുള്ള തുകയാണ് സംഭാവന നല്‍കിയത്.

പിണറായി സര്‍ക്കാരിന് രണ്ടാമൂഴം നല്‍കിയ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകര്‍ പ്രധാനപ്പെട്ട ഒരു ചരിത്ര നിര്‍മ്മിതിയില്‍ പങ്കാളികളായിരിക്കുകയാണ്. പ്രവാസികള്‍ക്ക് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രത്യേകിച്ച്  പ്രവാസികള്‍ക്ക് വേണ്ടിയും  ഒന്നാം പിണറായി സര്‍ക്കാര്‍ തുടങ്ങി വെച്ച അനേകം ജനക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ അടുത്ത സര്‍ക്കാരിന് പൂര്‍ത്തിയാക്കാനുള്ള പിന്തുണയാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് കേളി കലാസാംസ്‌കാരിക വേദി മുഖ്യ രക്ഷാധികാരി കണ്‍വീനര്‍ കെപിഎം സാദിഖ് പറഞ്ഞു.