റിയാദ്: സൗദി അറേബ്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നനുസരിച്ച് വാക്സിന്‍ സെന്ററുകള്‍ പൂട്ടിത്തുടങ്ങി. ഇന്ന്  ഖത്തീഫിലെ അമീര്‍ മുഹമ്മദ് ബിന്‍ ഫഹദ് ആശുപത്രിയോടനുബന്ധിച്ചുള്ള വാക്സിനേഷന്‍ കേന്ദ്രം അടക്കം ഏതാനും വാക്സിനേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വാക്സിന്‍ കേന്ദ്രം അടച്ചുപൂട്ടുന്നതിന് ഏതാനും മിനുട്ട് മുമ്പ് ചിത്രീകരിച്ച വീഡിയോ അടക്കമുള്ള വാര്‍ത്ത സൗദി ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു.

സൗദിയില്‍ പകുതിയിലധികം ജനങ്ങള്‍ ഇമ്യൂണ്‍ ആയിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ള സെന്ററുകളില്‍ 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നത് തുടരും. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം തുടര്‍ച്ചയായ ആറാം ദിവസവും 100 ല്‍ താഴെ മാത്രമാണ് പ്രതിദിന കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 85 പേരിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. മക്ക മേഖലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.