ജിദ്ദ: മെയ് 17 മുതല്‍ സൗദിയില്‍നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം 20 രാജ്യങ്ങള്‍ക്ക് ബാധകമല്ലെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വെളിപ്പെടുത്തി. ഫെബ്രുവരി ആദ്യവാരത്തിലായിരുന്നു സൗദി അറേബ്യ 20 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

നിരോധിച്ച രാജ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും യാത്രാ വലക്ക് പിന്‍വലിക്കുമോയെന്ന ഒരു സൗദി പൗരന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് സൗദി വൃത്തങ്ങള്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

'ഞങ്ങളുടെ പ്രിയ അതിഥികള്‍ക്ക് സ്വാഗതം, എല്ലാ അന്താരാഷ്ട്ര വിമാനങ്ങളുടെയും താല്‍ക്കാലിക വിലക്ക് മെയ് 17 തിങ്കളാഴ്ച പുലര്‍ച്ചെ 1 മണി മുതല്‍ നീക്കും. എന്നാല്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ബന്ധപ്പെട്ട ദൗദ്യോഗീക സമിതി യാത്ര താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ച രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കില്ല'', സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനി ട്വിറ്ററില്‍ അറിയിച്ചു.

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി ഫെബ്രുവരി 3 മുതല്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതില്‍ നിന്നും സൗദി ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വിലക്ക് സൗദി പൗരന്മാര്‍ക്കും വിദേശ നയതന്ത്രജ്ഞര്‍ക്കും ആരോഗ്യ പരിശീലകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ബാധകമാക്കിയിരുന്നില്ല.

അര്‍ജന്റീന, യു.എ.ഇ, ജര്‍മ്മനി, അമേരിക്ക, ഇന്തോനേഷ്യ, ഇന്ത്യ, ജപ്പാന്‍, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യു.കെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിസ് കോണ്‍ഫെഡറേഷന്‍, ഫ്രാന്‍സ്, ലെബനന്‍, ഈജിപ്ത് എന്നീ 20 രാജ്യങ്ങളിലേക്കാണ് സൗദിയില്‍നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം ബാധകമല്ലാത്തത്.