റിയാദ്: ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് ഇഅ്തമര്‍ന, തവക്കല്‍ന ആപ്പുകളിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പെര്‍മിറ്റ് നേടിയ ശേഷം ഉംറ നിര്‍വ്വഹിക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. വിസിറ്റ് വിസ ഉള്ളവര്‍ക്കും അ്തമര്‍ന ആപ്ലിക്കേഷനില്‍ രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കി ഉംറ പെര്‍മിറ്റ് നേടാമെന്നും മന്ത്രാലയം അറിയിച്ചു.

'തവക്കല്‍ന ആപ്ലിക്കേഷനില്‍ സന്ദര്‍ശകന്റെ രോഗപ്രതിരോധ നില അപ്ഡേറ്റ് ചെയ്തതിനുശേഷം മാത്രമേ ഇഅ്തമര്‍ന അക്കൗണ്ട് തുറക്കാന്‍ കഴിയൂ. കൊറോണ വൈറസ് വാക്സിന്‍ രണ്ട് ഡോസ് എടുത്തവര്‍, ആദ്യ പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് 14 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍, നേരത്തെ കൊറോണ പിടിപെട്ട് പുര്‍ണ്ണമായും രോഗമുക്തി നേടിയ രോഗപ്രതിരോധശേഷിയുള്ളവര്‍ എന്നിവര്‍ക്ക് മാത്രമെ ഉംറ വിസ ലഭിക്കാന്‍ അര്‍ഹതയുള്ളൂ എന്ന് മന്ത്രാലയം അറിയിച്ചു.

500 ഉംറ സേവന കമ്പനികളും സ്ഥാപനങ്ങളും 6,000 വിദേശ ഉംറ ഏജന്റുമാരും വാക്സിന്‍ സ്വീകരിച്ച വിദേശ ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഓഗസ്റ്റ് 9 (മുഹറം 1) മുതല്‍ തുടങ്ങിയിട്ടുണ്ട്. ഉംറ ചെയ്യുവാന്‍ താല്‍പര്യമുള്ള തീര്‍ത്ഥാടകര്‍ക്ക് ലോകമെമ്പാടുമുള്ള 30 ഇലക്ട്രോണിക് സൈറ്റുകളിലൂടെയും പ്ളാറ്റ്ഫോമുകളിലൂടെയും ഉംറ പാക്കേജുകള്‍ക്ക് ബുക്ക് ചെയ്യാനും പണമടക്കുവാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

സിംഗിള്‍ ഉംറ വിസ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള പുതിയ സംവിധാനം ആരംഭിക്കുന്നതിനെക്കുറിച്ച് അടുത്തിടെ ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. കൊറോണ വൈറസ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് വിവിധ ഇസ്ലാമിക രാജ്യങ്ങളുമായി ധാരണയിലെത്തിയതുപ്രകാരമുള്ള ക്വാട്ട അനുസരിച്ച് ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കാനുള്ള സന്നദ്ധതയും മന്ത്രാലയം അറിയിച്ചു.