ജിദ്ദ: സൗദിയിൽനിന്നും റീ എൻട്രി വിസയിൽ നാട്ടിലേക്ക് പോയവർ കാലാവധിക്ക് മുമ്പ് തിരികെ സൗദിയിലെത്തിയില്ലെങ്കിൽ മൂന്ന് വർഷത്തേക്ക് പുതിയ വിസയിൽ സൗദിയിൽ വരുന്നതിന് വിലക്കുണ്ടാകുമെന്ന് ആവർത്തിച്ച് സൗദി പാസ്‌പോർട്ട് വിഭാഗം. ഇത് നേരത്തെയുള്ള നിയമമാണെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ യാത്രാവിലക്ക് തുടരുന്ന ഇന്ത്യയിൽ നിന്നടക്കമുള്ള പ്രവാസികളെ സംബന്ധിച്ച് ഏറെ പ്രധാന്യമുള്ള വിവരമാണ് പാസ്‌പോർട്ട് വിഭാഗം ഇന്ന് നൽകിയിട്ടുള്ളത്. ഒന്നരവർഷത്തിലധികമായി സൗദിയിലേക്ക് തിരികെ പോകാനാവാതെ നാട്ടിൽ കുടുങ്ങികഴിയുന്ന മലയാളികളടക്കമുള്ള നിരവധി പ്രവാസികളുണ്ട്.

സൗദിയിൽനിന്നും ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് തിരകെ മറ്റൊരു വിസയിൽ അതേസ്‌പോൺസുറുടെ അടുക്കലേക്കോ മറ്റൊരു പുതിയ സ്‌പോൺസറുടെ അടുക്കലോ വരാൻ സാധിക്കും. എന്നാൽ വീണ്ടും സൗദിയിലേക്ക് തിരിച്ചുവരാൻ ഉദ്ദേശിച്ചുകൊണ്ടുള്ള റീ എൻട്രി വിസയിൽ അവധിക്കോ മറ്റൊ സദിയിൽനിന്നും പുറത്തുപോയവർ കൃത്യ സമയത്തു തിരികെ എത്തിയില്ലെങ്കിലാണ് സൗദിയിലേക്കു വരാൻ മൂന്ന് വർഷത്തേക്ക് നിരോധനമുള്ളത്. അത്തരം റീ എൻട്രി വിസ എക്‌സിറ്റ് വിസയാക്കി മാറ്റാൻ സാധിക്കില്ലെന്നാണ് പാസ്‌പോർട്ട് വിഭാഗം അറിയിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഉപയോക്താവ് സൗദിക്ക് പുറത്താണെങ്കിൽ. എന്നാൽ പഴയ സ്‌പോൺസറുടെ അടുത്തേക്ക് തന്നെ പുതിയ വിസയിൽ വീണ്ടും വരുന്നവർക്ക് മൂന്ന് വർഷത്തെ വിലക്ക് ബാധകമല്ല. ആശ്രിത വിസയിൽ ഉള്ളവർക്കും ഇത് ബാധകമല്ല. അവർക്ക് ഏത് സമയവും പുതിയ വിസയിൽ സൗദിയിലേക്ക് മടങ്ങിവരാവുന്നതാണ്.

റീ എൻട്രി വിസയിൽ സൗദിക്കു പുറത്തുപോയ ഗാർഹിക തൊഴിലാളി വിസാ കാലാവധി അവസാനിക്കും മുമ്പ് തിരികെ എത്തിയില്ലെങ്കിൽ കാലാവധി അവസാനിച്ച് 6 മാസം കഴിഞ്ഞാൽ പാസ്‌പോർട്ട് വിഭാഗം അവരുടെ സംവിധാനത്തിൽനിന്നും ഇവരെ സ്വമേധയാ നീക്കം ചെയ്യും. ഗാർഹിക തൊഴിലാളിയുടെ വിസാ കാലാവധി കഴിഞ്ഞ് ഒരു മാസം തികയുന്നതോടെ അബ്ഷിറിന്റെ തവാസുൽ സംവിധാനം വഴി തൊഴിലാളിയെ പാസ്‌പോർട്ട് വിഭാഗത്തിന്റെ സംവിധാനത്തിൽ നിന്ന് ഒഴിവാക്കാൻ തൊഴിലുടമക്ക് സാധിക്കും. ഗാർഹിക തൊഴിലാളി തന്റെ അടുത്തുനിന്നും ഒളിച്ചോടിപോയതായി തൊഴിലുടമ പരാതിപെട്ട് ഹൂറൂബാക്കിയാൽ അത്തരം ഹൂറൂബ് പരാതികൾ 15 ദിവസത്തിനുള്ളിൽ പിൻ വലിക്കാൻ അബ്ഷിറിലെ തവാസുൽ വഴി സ്‌പോൺസർക്ക് സാധിക്കുമെന്നും പാസ്‌പോർട്ട് വിഭാഗം അറിയിച്ചു.