റിയാദ്: സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത് നാട്ടില്‍പോയവര്‍ക്ക് തിരിച്ച് നേരിട്ട് പ്രവേശിക്കാമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഡിസംബര്‍ നാലിന് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി മുതലാണ് പ്രവേശനം അനുവദിക്കുക. സൗദി ആഭ്യന്തര മന്ത്രാലയ സുരക്ഷാ വക്താവ് ലഫ്റ്റനന്റ് കേണല്‍ തലാല്‍ അല്‍-ഷല്‍ഹൂബ് ആണ് കൊറോണ വൈറസ് മഹാമാരിയെ നേരിടുന്നതിനുള്ള ഏറ്റവും പുതിയ സുരക്ഷാ നടപടികളെക്കുറിച്ച് വിശദീകരിച്ചത്.

സൗദിയില്‍നിന്ന് ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച് വിദേശത്തുപോയാല്‍ തിരികെ നേരിട്ട് വരുന്നതില്‍ തടസ്സമില്ല. ഇന്നാല്‍ ഇത്തരത്തിലുള്ളവര്‍ 3 ദിവസത്തേക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ 5 ദിവസത്തേക്ക് ക്വാറന്റീനില്‍ കഴിയുന്നതാണ് ഉചിതം.

അതേസമയം യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ രാജ്യത്തേക്ക് വരുന്നതിന് മുമ്പ് 14 ദിവസം മറ്റ് രാജ്യങ്ങളില്‍ താമസിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശത്ത് നിന്ന് വരുന്നവര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ ലംഘിച്ചാല്‍ 200,000 റിയാല്‍ വരെ പിഴയോ രണ്ട് വര്‍ഷം വരെ തടവോ ആണ് ശിക്ഷ. ചില സന്ദര്‍ഭങ്ങളില്‍ തടവും പിഴയും നേരിടേണ്ടിവരും.

ഇക്കാമ, റീഎന്‍ട്രി വിസകളുടെ സാധുത, സന്ദര്‍ശന വിസകളുടെ സാധുത എന്നിവ ജനുവരി അവസാനം വരെ സൗജന്യമായി നീട്ടി നല്‍കുമെങ്കിലും ഇതിനായി പാസ്പോര്‍ട്ട് വകുപ്പിന്റെ ആസ്ഥാനത്ത് സന്ദര്‍ശിക്കേണ്ടതില്ലെന്നും അല്‍-ഷല്‍ഹൂബ് വ്യക്തമാക്കി.

Content Highlights : The Ministry of Home Affairs has informed that those who leave the country with a single dose of vaccine will have direct access to Saudi Arabia