റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലുള്ള 587 വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെ ഇതുവരെ 16.8 ദശലക്ഷത്തിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്നും ഇതുവരെ നല്‍കിയ വാക്സിനുകളില്‍ 70 ശതമാനവും രാജ്യത്തെ മുതിര്‍ന്നവര്‍ക്കാണെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, പ്രതിരോധ കുത്തിവയ്പ്പ് വ്യാപകമായി തുടരുന്നതിനാല്‍ വാക്സിനുകളുടെ സുരക്ഷയെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങളും തീര്‍ക്കാന്‍ മന്ത്രാലയം വീണ്ടും ശ്രമം തുടങ്ങിയിട്ടുണ്ട്. കൊറോണ വൈറസ് വാക്സിനുകള്‍ സുരക്ഷിതവും ഫലപ്രദവും ആരോഗ്യ സംരക്ഷണത്തിന് ആവശ്യവുമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് അല്‍ അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാക്സിനുകള്‍ കൊവിഡ്19 നെതിരെ പരിരക്ഷ നല്‍കുന്നുവെന്നും, വൈറസ് സംബന്ധമായ മരണങ്ങള്‍ 100 ശതമാനം തടയുന്നതില്‍ വിജയകരമാണെന്നും വക്താവ് പറഞ്ഞു. കോവിഡ്19 അണുബാധയുമായി ബന്ധപ്പെട്ട പരിണാമങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വാക്സിനുകളുടെ തുടര്‍ച്ചയായ സംഭരണം, മുന്‍കരുതല്‍ നടപടികള്‍ പാലിക്കല്‍ എന്നിവയിലൂടെ മാത്രമേ കാര്യങ്ങള്‍ ക്രിയാത്മകമായ ദിശയിലേക്ക് നീങ്ങുകയുള്ളൂവെന്നും ഡോ.മുഹമ്മദ് അല്‍ അബ്ദുല്‍ ആലി പറഞ്ഞു.