ഹജ്ജ്  വേളയില്‍ ബാഗുകള്‍ കൂടെ ചുമന്ന് പ്രയാസമനുഭവിക്കുന്ന ആഭ്യന്തര ഹാജിമാര്‍ക്ക് ആശ്വാസമായി സൗദി പോസ്റ്റ് രംഗത്ത്. സൗദിയുടെ ഏതു ഭാഗത്തുള്ള ഹാജിയുടെയും വീട്ടില്‍ ചെന്ന് അവരുടെ ബാഗുകള്‍ എടുത്ത് മക്കയില്‍ അവര്‍ താമസിക്കുന്ന സ്ഥലത്ത് എത്തിക്കുകയും ഹജ്ജ് കഴിഞ്ഞതിന് ശേഷം അവരുടെ ബാഗുകള്‍ തിരിച്ചു വീട്ടിലെത്തിക്കുകയും ചെയ്യുന്ന പദ്ധതിയാണ് സൗദി പോസ്റ്റ് ആലോചിക്കുന്നത്. 

പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷം രണ്ടോ മൂന്നോ കമ്പനികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുവാനും പിന്നീട് ഗുണദോഷങ്ങള്‍ മനസ്സിലാക്കി തുടര്‍വര്‍ഷങ്ങളില്‍ പദ്ധതി വിജയിപ്പിക്കുവാനുമാണ് സൗദി പോസ്റ്റ് പദ്ധതിയിടുന്നത്. 

ഇതുമായി ബന്ധപ്പെട്ട് ഹജ്ജ് സേവന കമ്പനികളും സ്ഥാപനങ്ങളുമായി സൗദി പോസ്റ്റ് ചര്‍ച്ചകള്‍ നടത്തി. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും. പുരോഗതി വിലയിരുത്തുകയും അടുത്ത വര്ഷം മുതല്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഇത് നടപ്പാക്കുകയും ചെയ്യും. ഭാവിയില്‍ ഹാജിമാര്‍ക്ക് ബാഗിന്റെ പ്രയാസം ഇല്ലാതെതന്നെ സ്വതന്ത്രരായി ഹജ്ജ് ചെയ്യുവാനുള്ള അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്ക് സേവനങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്യും.

രണ്ടു രീതിയിലുള്ള സേവനങ്ങളാണ് സൗദി പോസ്റ്റ് മുന്നോട്ട് വെക്കുന്നത്. ഒന്ന് ബാഗുകള്‍ ഹാജിയുടെ വീട്ടില്‍ നിന്നും എടുക്കുക. ഇതിന് ബാഗ് ഒന്നിന് 100 റിയാല്‍ ഫീസ് ഈടാക്കും. മറ്റൊന്ന്, തൊട്ടടുത്തുള്ള സൗദി പോസ്റ്റ് ഓഫീസില്‍ ഹാജിമാര്‍ ബാഗുകള്‍ ഏല്പിക്കുന്ന രീതിയും ഈ സേവനത്തിന് 70 റിയാലാണ് ഫീസ്. ഏതായാലും ആഭ്യന്തര ഹാജിമാര്‍ക്ക് ഇനി മുതല്‍ വാഹനങ്ങളിലും നടന്നും പോകുമ്പോള്‍ കൂടെ ബാഗ് ചുമക്കുക എന്ന വലിയ പ്രതിസന്ധിക്കാണ് പരിഹാരം ഉണ്ടാകുവാന്‍ പോകുന്നത്.