റിയാദ്: വിലവര്‍ധന പ്രഖ്യാപിച്ചതോടെ പെട്രോള്‍ പൂഴ്ത്തിവെച്ച 68 പെട്രോള്‍പമ്പുകള്‍ പൂട്ടിയതായി സൗദി വാണിജ്യനിക്ഷേപ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ചയാണ് സൗദിയില്‍ പെട്രോളിന്റെ വിലവര്‍ധന നിലവില്‍ വന്നത്. ഞായറാഴ്ചരാത്രിതന്നെ പെട്രോള്‍ വിതരണം നിര്‍ത്തിയ പമ്പുകളാണ് പൂട്ടിയത്.

വിലവര്‍ധന നിലവില്‍ വരുന്നതിനുമുന്‍പ് ഞായറാഴ്ചമാത്രം 1597 പെട്രോള്‍പമ്പുകളില്‍ വാണിജ്യനിക്ഷേപ മന്ത്രാലയം പരിശോധന നടത്തിയിരുന്നു. വിപണി നിരീക്ഷിക്കുമെന്നും കൃത്രിമം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പും നല്‍കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍, ഉപഭോക്തൃസംരക്ഷണ വിഭാഗം എന്നിവരുടെ സഹകരണത്തോടെയാണ് പൂഴ്ത്തിവെപ്പുകാരെ പിടികൂടിയത്. ഇവര്‍ക്ക് പിഴശിക്ഷയുണ്ടാകും.

പെട്രോള്‍ പൂഴ്ത്തിവെപ്പ് തടയുന്നതിന് ഡിസംബര്‍ 31-ന് വൈകിയാണ് വാണിജ്യമന്ത്രാലയം പെട്രോള്‍ ഉത്പന്നങ്ങളുടെ നിരക്കുവര്‍ധന സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. പെട്രോള്‍വിലയില്‍ 80 മുതല്‍ 125 വരെ ശതമാനമാണ് വര്‍ധന. അഞ്ചുശതമാനം മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെയുള്ള നിരക്കാണ് പ്രാബല്യത്തില്‍ വന്നത്.