റിയാദ്: സൗദി അറേബ്യയില്‍ പെട്രോള്‍ വില 80 മുതല്‍ 125 വരെ ശതമാനം വര്‍ധിപ്പിച്ചു. അഞ്ചുശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) ഉള്‍പ്പെടെയുള്ള നിരക്കാണ് പ്രാബല്യത്തില്‍ വന്നത്. വാണിജ്യ മന്ത്രാലയമാണ് പെട്രോള്‍ ഉത്പന്നങ്ങളുടെ നിരക്ക് വര്‍ധന അറിയിച്ചത്.

പ്രീമിയം 91 ഇനത്തിലുള്ള പെട്രോളിന് ലിറ്ററിന് 75 ഹലാലയായിരുന്നു (ഏകദേശം 12.75 രൂപ) വില. പുതിയ നിരക്ക് ഒരു റിയാല്‍ 37 ഹലാലാണ് (ഏകദേശം 23.29 രൂപ).

95 ഇനത്തിലുള്ള പെട്രോളിന് 2.04 റിയാലായും ഉയര്‍ത്തി. നേരത്തേ ഇതിന് 90 ഹലാലയായിരുന്നു. എന്നാല്‍ ഡീസല്‍, മണ്ണെണ്ണ നിരക്ക് ഉയര്‍ത്തിയിട്ടില്ല. ഡീസലിന് 47 ഹലാലയും മണ്ണെണ്ണയ്ക്ക് 64 ഹലാലയുമാണ് നിലവിലുള്ള നിരക്ക്. ഇതിനും വില വര്‍ധിപ്പിക്കുമെന്നാണ് അറിയുന്നത്.

വൈദ്യുതിനിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. വ്യവസായ മേഖലയില്‍ 30 ഹലാലയായിരുന്ന വൈദ്യുതിനിരക്ക് 18 ഹലാലയായി നിജപ്പെടുത്തി. ഇത് വ്യവസായ മേഖലയ്ക്ക് ആശ്വാസമാകും.

വിതരണക്കാര്‍ അമിതവില ഈടാക്കുന്നത് തടയാന്‍ റഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തില്‍ വിപണി നിരീക്ഷിക്കുന്നുണ്ട്. വിലയില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരേ പിഴശിക്ഷ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.