റിയാദ്: ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന് സൗദി അറേബ്യ പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി സമഗ്രപഠനം ആരംഭിച്ചതായി സൗദി കമ്മിഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് സെക്രട്ടറി ജനറല്‍ പറഞ്ഞു.

സ്വദേശികള്‍ക്ക് നിരവധി തൊഴില്‍ സാധ്യതയാണ് ആരോഗ്യമേഖലയിലുള്ളത്. ഇത് പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് സൗദി കമ്മിഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് സെക്രട്ടറി ജനറല്‍ ഡോ. അയ്മന്‍ അബ്ദു പറഞ്ഞു. 'ആരോഗ്യ മേഖലയിലെ മാനവശേഷി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യമേഖലയില്‍ വിദേശികളെ ആശ്രയിക്കുന്നത് കുറയ്ക്കണം. ഇതിന് ആവശ്യമായ പുതിയ പാഠ്യപദ്ധതികളും കോഴ്‌സുകളും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഹെല്‍ത്ത് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം ചേര്‍ന്നിരുന്നു. ഫാര്‍മസി, നഴ്‌സിങ് തുടങ്ങിയ കോഴ്‌സുകളില്‍ സ്വദേശികള്‍ക്ക് മികച്ച പരിശീലനം നല്‍കും. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ആരോഗ്യരംഗത്ത് തൊഴിലവസരം വര്‍ധിക്കുമെന്നും ഡോ. അയ്മന്‍ അബ്ദു പറഞ്ഞു.

ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ, സിവില്‍ സര്‍വീസ് മന്ത്രി സുലൈമാന്‍ അല്‍ ഹംദാന്‍, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമദ് അല്‍ ഈസ, തൊഴില്‍ മന്ത്രി ഡോ. അലി അല്‍ ഗഫീസ് തുടങ്ങിയവരും വിവിധ സെഷനുകളില്‍ സംസാരിച്ചു.