റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 100 ദശലക്ഷം സൗദി റിയാല്‍ സംഭാവന ചെയ്തു.

100 ദശലക്ഷത്തില്‍, 87 ദശലക്ഷം റിയാല്‍ സൗദി അറേബ്യയിലുടനീളമുള്ള 29 ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ഈ തുക കിരീടാവകാശിയുടെ നിര്‍ദ്ദേശപ്രകാരം ദിവസങ്ങള്‍ക്കുള്ളില്‍ ചെലവഴിക്കും. ബാക്കി 13 ദശലക്ഷം റിയാല്‍ സാമ്പത്തിക കേസുകളില്‍ ജയിലില്‍ കഴിയുന്ന 150 ലധികം തടവുകാരുടെ കടം വീട്ടുന്നതിനുള്ളതാണ്. ഇതിലൂടെ തടവുകാരെ വിട്ടയക്കപ്പെടുവാനും അവരുടെ കുടുംബങ്ങളിലേക്ക് തിരികെ എത്തുവാനും സാധിക്കും.

സമൂഹത്തിലെ 8 സൊസൈറ്റികള്‍ക്ക് ചാരിറ്റബിള്‍ സേവനങ്ങള്‍ നല്‍കാന്‍ ഗ്രൂപ്പുകളെ പ്രാപ്തരാക്കുന്നതിനായി 'സനാദ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രോഗ്രാമിന് കീഴിലാണ് ഈ പദ്ധതി.

വനിതാ ചാരിറ്റബിള്‍ സൊസൈറ്റികള്‍, വൈകല്യമുള്ളവര്‍ക്കുള്ള ചാരിറ്റികള്‍, കാന്‍സര്‍ പരിചരണത്തിനുള്ള ചാരിറ്റികള്‍, വിധവകളുടെയും വിവാഹമോചിതരായ സ്ത്രീകളുടെയും സംരക്ഷണത്തിനുള്ള ചാരിറ്റികള്‍, അനാഥരുടെ സംരക്ഷണത്തിനുള്ള ചാരിറ്റികള്‍, പ്രായമായവരുടെ ആരോഗ്യ സേവനങ്ങള്‍ക്കുള്ള ചാരിറ്റികള്‍ എന്നിവരെയാണ് സേവനങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

പരിശീലനം, പുനരധിവാസം, പിന്തുണ, സുസ്ഥിരത എന്നിവ സ്വീകരിക്കുന്ന വികസന പരിപാടികള്‍ക്ക് ഓരോരുത്തര്‍ക്കും സാമ്പത്തിക സഹായം ലഭിക്കും.

അതേസമയം, ബാധ്യതകള്‍ അടച്ചുതീര്‍ക്കാത്തതിന്റെ പേരില്‍ തടവില്‍ കഴിയുന്ന 150-ലധികം തടവുകാരുടെ കടങ്ങള്‍ അടച്ച് മോചനത്തിന് വഴിയൊരുക്കുവാനുള്ള പദ്ധതിയുമുണ്ട്. നിയമവിരുദ്ധ മാര്‍ഗത്തിന് ഉപയോഗിച്ചിട്ടില്ലെന്നും ഒരിക്കലും ഒരു ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഉറപ്പുള്ള തടവുകാരെയാണ് സഹായത്തിന് പരിഗണിക്കുക. മാനുഷിക പ്രവര്‍ത്തനങ്ങളോടുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ താല്‍പര്യമാണ് അദ്ദേഹത്തിന്റെ സഹായ സന്നദ്ധതയിലുടെ വെളിവാക്കുന്നത്.